ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നതുവരെ പ്രതിപക്ഷ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇലക്ഷന്‍ കമ്മീഷന്‍ പൂര്‍ണ്ണമായും ബി.ജെ.പിക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാംലീല മൈതാനത്ത് നടന്ന ഇന്ത്യാ മുന്നണിയുടെ 'ചലോ ദില്ലി' റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് സ്ത്രീകള്‍, യുവാക്കള്‍, ദളിതര്‍ എന്നിവരുടെ വോട്ടുകളില്‍ വന്‍തോതില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയാണെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. രാജ്യത്തെ ഭിന്നിപ്പിക്കാനും ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങളും പ്രതിപക്ഷവും ഒന്നിച്ചുനില്‍ക്കുമ്പോള്‍ മോദിക്ക് അധികാരത്തില്‍ നിന്ന് ഇറങ്ങേണ്ടി വരും. ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യം വീണ്ടെടുക്കാനും വോട്ട് മോഷണത്തിനെതിരെ ജനങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഗ്യാനേഷ് കുമാര്‍ 'നരേന്ദ്ര മോദിയുടെ പാവയായി' മാറിയെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് വിമര്‍ശിച്ചു. രാമായണ നാടകങ്ങള്‍ അരങ്ങേറുന്ന രാംലീല മൈതാനം ഇന്ന് വോട്ട് മോഷ്ടിക്കുന്നവര്‍ക്കെതിരെ പ്രതിപക്ഷം അണിനിരക്കുന്ന കുരുക്ഷേത്രമായി മാറിയിരിക്കുകയാണെന്ന് നിലവിലെ സാഹചര്യത്തെ മഹാഭാരത യുദ്ധത്തോട് ഉപമിച്ച് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പരിശോധന നടപടികള്‍ വഴി ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും ഇത് ഉടനടി നിര്‍ത്തിവെക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അഭിഷേക് ബാനര്‍ജി, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ നേതാക്കള്‍ റാലിയില്‍ അണിനിരന്നു.
ഗ്യാനേഷ് കുമാര്‍ രാജിവെക്കും വരെ പോരാട്ടം; മോദിയും അമിത് ഷായും വോട്ട് കൃത്രിമത്തിന് ശ്രമിക്കുന്നു: മല്ലികാര്‍ജുന്‍ ഖാര്‍ഗെ