പ്രതിയുടെ രാഷ്ട്രീയബന്ധം വ്യക്തമായ പശ്ചാത്തലത്തില്‍ വാളയാറിലേതുപോലെ വണ്ടിപ്പെരിയാറിലെ പീഡനക്കൊലപാതകക്കേസും അട്ടിമറിക്കപ്പെടരുതെന്ന് വി.ടി ബല്‍റാം. അതുറപ്പിക്കാന്‍ കേരളത്തിന് കഴിയണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വയലന്‍സിന്റെ അങ്ങേയറ്റമാണ് വണ്ടിപ്പെരിയാറില്‍ നടന്നത്. എന്നിട്ടും നാട്ടുകാർക്ക് മുന്നിൽ മനുഷ്യ സ്നേഹിയായ ഉത്തമ സഖാവായി പ്രച്ഛന്നവേഷമാടിയ അപകടകരമായ ക്രിമിനൽ ബുദ്ധി കൂടിയാണ് പ്രതിയുടേതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ജമ്മു കശ്മീരിലെ കഠ് വയിലെ പിഞ്ചു കുഞ്ഞിൻ്റെ നേർക്കുണ്ടായ ക്രൂരമായ പീഡനക്കൊലപാതകത്തേപ്പോലെത്തന്നെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് വണ്ടിപ്പെരിയാറിൽ നിന്ന് ഈ കേരളവും കേൾക്കാനിടവന്നിട്ടുള്ളത്. നിരന്തരമായ റേപ്പിനിരയാക്കപ്പെട്ട കുഞ്ഞ് അതിക്രൂരമായി കഴുത്തുഞെരിച്ച് കൊല്ലപ്പെടുകയായിരുന്നു. കെട്ടിത്തൂക്കുന്നതിനിടയിൽ കണ്ണു തുറന്ന് കുഞ്ഞ് ജീവനുവേണ്ടി പിടയുമ്പോഴും ആ കൊലപാതകിയുടെ കൈ വിറക്കുന്നില്ല, മനസ്സ് മാറുന്നില്ല. വയലൻസിൻ്റെ അങ്ങേയറ്റമാണിത്. എന്നിട്ടും നാട്ടുകാർക്ക് മുന്നിൽ മനുഷ്യ സ്നേഹിയായ ഉത്തമ സഖാവായി പ്രച്ഛന്നവേഷമാടിയ അപകടകരമായ ക്രിമിനൽ ബുദ്ധി കൂടിയാണ് പ്രതിയുടേത്. പ്രതിയുടെ കൃത്യമായ രാഷ്ട്രീയ ബന്ധം വാളയാറിലേത് പോലെ ഈ കേസും അട്ടിമറിക്കുന്നതിലേക്ക് നയിക്കപ്പെടരുത്. അതുറപ്പിക്കാൻ കേരളത്തിന് കഴിയണം.