സ്റ്റൈലിഷ് മാസ് ലുക്കിൽ സൂര്യയെ വ്യത്യസ്തമായ സ്വഭാവസവിശേഷതകളുള്ള പോലീസ് ഓഫീസറായി അവതരിപ്പിക്കുന്ന ജിത്തു മാധവൻ ചിത്രം ‘സീൻ’ ഗ്ലിംപ്സ് വീഡിയോ പുറത്തുവന്നു. ഡിഎസ്പി ഇമ്പരാജ് എന്ന കഥാപാത്രത്തിന്റെ വേറിട്ട ഭാവങ്ങളാണ് ഗ്ലിംപ്സിന്റെ പ്രധാന ആകർഷണം. ദുബായിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ അവതരിപ്പിച്ച ദൃശ്യങ്ങൾ ഇപ്പോൾ ഡിജിറ്റലായാണ് പുറത്തുവിട്ടിരിക്കുന്നത്. നവംബർ 6-ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം, കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് മെഗാ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമ്മാതാവ്. സൂര്യയുടെ മാസ് സ്ക്രീൻ പ്രസൻസിനൊപ്പം സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തലസംഗീതവും ഗ്ലിംപ്സ് വീഡിയോയെ ഏറെ ശ്രദ്ധേയമാക്കുന്നുണ്ട്. സാധാരണ പോലീസ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ശരീരഭാഷയും പെരുമാറ്റവുമുള്ള ഇമ്പരാജ്, ഗൗരവമേറിയ പശ്ചാത്തലത്തിനൊപ്പം നർമത്തിനും പ്രാധാന്യം നൽകുന്ന കഥാപാത്രമാണെന്ന സൂചനയാണ് ദൃശ്യങ്ങൾ നൽകുന്നത്.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’. സുഷിൻ ശ്യാം ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തിലെ ‘ആതി ഇവ യാരാ’, ‘എയ്റോപ്ലെയിൻ’ എന്നീ ഗാനങ്ങളും സോണി മ്യൂസിക് സൗത്ത് പുറത്തിറക്കിയ മ്യൂസിക്കും ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ചിത്രത്തിൽ മലയാളി താരം നസ്‌ലൻ അവതരിപ്പിക്കുന്ന ഈശ്വരൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസറും നേരത്തെ പുറത്തുവന്നിരുന്നു. സൂര്യയ്ക്കും നസ്‌ലനും നസ്രിയ നസീമിനും പുറമേ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിനീത് അഗസ്റ്റ്യൻ (ഛായാഗ്രഹണം), അജ്മൽ സാബു (എഡിറ്റിംഗ്), ചേതൻ ഡി'സൂസ (ആക്ഷൻ ഡയറക്ടർ), മഷാർ ഹംസ (കോസ്റ്റ്യൂം) തുടങ്ങി പ്രമുഖരായ വലിയൊരു സാങ്കേതിക സംഘവും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ : ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.