കൊച്ചി: സൈജു കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി എത്തുന്ന പുതിയ ചിത്രത്തിന് തുടക്കമായി. സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ മുഴുനീള ഫൺ കോമഡി ത്രില്ലർ അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറിൽ അരുൺ ഗോപിയാണ് നിർമ്മിക്കുന്നത്. അരുൺ ഗോപി കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന ലളിതമായ പൂജാ ചടങ്ങിൽ ഖാലിദ് നാലകത്തും അണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു.
പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും നിതേഷ് നായർ ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. പ്രൈവറ്റ് ഡിറ്റക്ടീവായ 'ചാണ്ടിക്കുഞ്ഞ്' എന്ന കഥാപാത്രം ഒരു കേസ് ഏറ്റെടുക്കുന്നതും തുടർന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സൈജു കുറുപ്പിന്റെ കരിയറിലെ തന്നെ ഏറെ വൈവിധ്യമുള്ള കഥാപാത്രമായിരിക്കും ചാണ്ടിക്കുഞ്ഞ്. ധ്യാൻ ശ്രീനിവാസൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിൻസി അലോഷ്യസ്, സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രീ അശോകൻ, സുധീഷ്, അഭിറാം രാധാകൃഷ്ണൻ, മധുപാൽ, ഷാൻ റഹ്മാൻ, ജയകൃഷ്ണൻ, രാജേഷ് ശർമ്മ, ഷാജു ശ്രീധർ, ആൽഫി പഞ്ഞിക്കാരൻ, ഉത്തര ഉണ്ണി, ശ്രീരേഖ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം: സനീഷ് സ്റ്റാൻലി, സംഗീതം: സനൽ ദേവ്, എഡിറ്റിംഗ്: രതീഷ് രാജ്, കലാസംവിധാനം: ജീമോൻ, മേക്കപ്പ്: സ്വെതിൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അരുൺലാൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷഹാബ് വെണ്ണല, പി.ആർ.ഒ: വാഴൂർ ജോസ്. കൊച്ചിയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.