മട്ട അരിയുടെ വില കുത്തനെ ഉയർന്നു; കിലോയ്ക്ക് 60 രൂപ കടന്നു
കോട്ടയം: കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മട്ട അരിയുടെ (ചുവന്ന പുഴുങ്ങലരി) വില കുത്തനെ ഉയർന്നു. റീട്ടെയിൽ വിപണിയിൽ വില കിലോയ്ക്ക് 60 രൂപ കടന്നു. കഴിഞ്ഞ ആഴ്ച വരെ ശരാശരി 52 രൂപ നിരക്കിൽ വിറ്റിരുന്ന അരിയുടെ വിലയിൽ 10 രൂപയിലാണ് വർധനവുണ്ടായത്. എന്നാൽ, വെള്ള അരിയുടെ വിലയിൽ മാറ്റമില്ല. നെല്ല് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ നെല്ലിന്റെ വിലയിലുണ്ടായ വർധനയാണ് അരിവില കൂടാൻ കാരണം. ആന്ധ്രാപ്രദേശിൽ നെല്ലിന്റെ വില കിലോയ്ക്ക് 32 രൂപയായി ഉയർന്നു. തമിഴ്‌നാട്ടിൽ 33 രൂപയും കർണാടകയിൽ 32 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. ആന്ധ്രാപ്രദേശിൽ 6 രൂപ വരെയും മറ്റ് സംസ്ഥാനങ്ങളിൽ 10 രൂപ വരെയും വർധനവ് ഉണ്ടായിട്ടുണ്ട് .
കൂടാതെ, കർണാടകയിൽ ജലക്ഷാമം മൂലം കൃഷി നശിക്കുകയും ചെയ്തിരുന്നു. വൻതോതിൽ നെല്ല് സംഭരിക്കുന്ന ഏജൻസികൾ വില ഉയർത്താനായി സ്റ്റോക്ക് പൂഴ്ത്തിവെച്ചതായി മില്ലുടമകൾ ആരോപിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് മട്ട അരിയുടെ വിൽപന കൂടുതലായി നടക്കുന്നത്. അതേസമയം, വെള്ള അരിയുടെ വിലയിൽ വലിയ വർധനയുണ്ടായില്ല. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) 'ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം' പ്രകാരം കിലോയ്ക്ക് 30 രൂപയിൽ താഴെ നിരക്കിൽ വെള്ള അരി വിപണിയിൽ ലഭ്യമാക്കുന്നതാണ് ഇതിന് കാരണം. ജയ, സുരേഖ തുടങ്ങിയ ഇനങ്ങൾ ശരാശരി 42 രൂപ നിരക്കിൽ വിപണിയിൽ ലഭ്യമാണ്. ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് വെള്ള അരി എത്തിക്കുന്നത്.
ദിവസവും ഏകദേശം 12,000 ടൺ അരി കേരളത്തിലെത്തുന്നുണ്ട്; ഇതിൽ ഭൂരിഭാഗവും വെള്ള അരിയാണ്. ചില ജില്ലകളിൽ മാത്രമാണ് മട്ട അരിക്ക് വലിയ ഡിമാൻഡുള്ളത്. അരിവിലയിലുണ്ടായ വർധന കമ്പനികളുടെ കൈവശമുള്ള സ്റ്റോക്കിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. പ്രമുഖ കമ്പനികൾ ഉയർന്ന വിലയിലാണ് പുതിയ ലോഡുകൾ വിതരണം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.