കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ഒ.ജെ. ജനീഷ് നയിച്ച 'ജെന്‍ ഇന്ത്യ മൂവ്മെന്റ്' (Gen India Movement) പദയാത്രയ്ക്ക് കണ്ണൂരില്‍ ഉജ്ജ്വല സമാപനം. 'ഭരണഘടനയാണ് കാവല്‍, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിച്ച സമാപന റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് കൊല്ലത്തുനിന്ന് ആരംഭിച്ച പദയാത്രയാണ് കണ്ണൂരില്‍ സമാപിച്ചത്.
സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റുകള്‍ വാഴേണ്ട നാടല്ല ഭാരതമെന്നും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഭരണകാലത്ത് യുവജന സമരങ്ങളെ സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ടതെന്ന് ആരും മറന്നിട്ടില്ലെന്നും, യുവജനങ്ങളുടെ ചോര വീഴാന്‍ കാരണമായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ സര്‍ക്കാരിന് എവിടെയെങ്കിലും തെറ്റ് പറ്റിയാല്‍ അതിനെ വിമര്‍ശിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം യൂത്ത് കോണ്‍ഗ്രസിനുണ്ടെന്ന് വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ഉദയ് ബാനു ചിബ്, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എം.എല്‍.എമാരായ അബിന്‍ വര്‍ക്കി, ടി.കെ. ഗോവിന്ദന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സാക്ഷിയാക്കി ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ