തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ സസ്‌പെന്‍ഷന്‍ കാലാവധി ഈ മാസം 16ന് അവസാനിക്കാനിരിക്കെ, തുടര്‍നടപടിയുടെ കാര്യം ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തേക്കും. കഴിഞ്ഞ വര്‍ഷം ജൂലായ് 16നാണ് ശിവശങ്കര്‍ സസ്‌പെന്‍ഷനിലായത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതുസംബന്ധിച്ച ഫയല്‍ പൊതുഭരണവകുപ്പ് സര്‍ക്കാരിലേക്ക് കൈമാറിയതായാണ് വിവരം.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ വകുപ്പില്‍ നിയമിച്ചത് സംബന്ധിച്ച് അറിവുണ്ടായതും ആണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് ശിവശങ്കര്‍.