പാലക്കാട് ഡിവിഷനെ തകര്‍ക്കാന്‍ അനുവദിക്കില്ല; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുമെന്ന് കൊടിക്കുന്നില്‍ സുരേഷ്; റെയില്‍വേ മന്ത്രിക്ക് കത്തയച്ചു
പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരു, ഉള്ളാൾ പ്രദേശങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള ഓഗസ്റ്റ് 21-ലെ റെയിൽവേ ബോർഡ് ഉത്തരവ് കേരളത്തിന്റെ റെയിൽവേ താൽപര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി. ഒക്ടോബർ 1 മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ തീരുമാനം പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കാനും അതിന്റെ ഭരണപരവും സാമ്പത്തികവുമായ ശക്തിയെ തകർക്കാനുമുള്ള നീക്കമാണ്. ഇതിനെ ഭരണപരമായ ഒരു ചെറിയ മാറ്റമായി കാണാൻ കഴിയില്ലെന്നും, തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും കത്തയച്ചതായും എംപി അറിയിച്ചു.
കേരളത്തിന്റെ റെയിൽവേ വികസനത്തിന് കൂടുതൽ നിക്ഷേപങ്ങളും പദ്ധതികളും ആവശ്യമായ ഘട്ടത്തിലാണ് നിലവിലുള്ള സംവിധാനത്തെപ്പോലും ദുർബലപ്പെടുത്തുന്നതെന്ന് എംപി പറഞ്ഞു. കേന്ദ്ര തീരുമാനങ്ങളിൽ ലാഭം വരുമ്പോൾ ക്രെഡിറ്റ് എടുക്കുകയും തിരിച്ചടികൾ ഉണ്ടാകുമ്പോൾ മൗനം പാലിക്കുകയും ചെയ്യുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയും. വിഷയം ഇന്ന് ആലപ്പുഴയിലെത്തുന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജറുമായി നേരിട്ട് ചർച്ച ചെയ്യും. യുഡിഎഫ് എംപിമാരെ ഏകോപിപ്പിച്ച് പാർലമെന്റിലും റെയിൽവേ മന്ത്രാലയത്തിന് മുന്നിലും ശക്തമായ പോരാട്ടം തുടരുമെന്നും കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ സംരക്ഷിക്കാൻ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും എംപി വ്യക്തമാക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.