പാലക്കാട് ഒറ്റപ്പാലം മണ്ണൂരിൽ സിപിഐക്ക് വലിയ തിരിച്ചടി നൽകിക്കൊണ്ട് ഇരുനൂറിലേറെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു. മൂന്ന് മണ്ഡലം കമ്മിറ്റി അംഗങ്ങളും പതിനഞ്ചോളം ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് സിപിഐയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. പാർട്ടിയിലേക്ക് തിരിച്ചെത്തിയ നേതാക്കളെയും പ്രവർത്തകരെയും സിപിഎം നേതൃത്വം ഔദ്യോഗികമായി സ്വീകരിച്ചു.
പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് 2017-ൽ സിപിഎം വിട്ട് സിപിഐയിലേക്ക് ചേക്കേറിയ പ്രവർത്തകരാണ് ഒൻപത് വർഷങ്ങൾക്ക് ശേഷം മാതൃപാർട്ടിയിലേക്ക് തന്നെ തിരിച്ചെത്തുന്നത്. കുറഞ്ഞ കാലം കൊണ്ട് ജില്ലയിൽ സിപിഐക്ക് ശക്തമായ സ്വാധീനമുള്ള മേഖലയായി മണ്ണൂരിനെ മാറ്റാൻ ഈ വിഭാഗത്തിന് സാധിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ജില്ലയിലുടനീളം എൽഡിഎഫ് ഒറ്റക്കെട്ടായി മത്സരിച്ചപ്പോഴും മണ്ണൂരിൽ സിപിഎമ്മും സിപിഐയും വെവ്വേറെ മത്സരിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ണൂർ ലോക്കൽ കമ്മിറ്റിയും സിപിഐയുടെ മണ്ഡലം-ജില്ലാ നേതൃത്വങ്ങളും തമ്മിൽ രൂക്ഷമായ തർക്കങ്ങൾ നിലനിന്നിരുന്നു. തർക്കത്തെ തുടർന്ന് പ്രാദേശിക നേതാക്കൾക്കെതിരെ പാർട്ടി സംഘടനാ നടപടി സ്വീകരിച്ചതോടെയാണ്, പാർട്ടിയിൽ പ്രതിഷേധം ശക്തമായതും 200-ലേറെ അംഗങ്ങൾ ഒന്നടങ്കം സിപിഐ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചതും.