സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന ആരോപണത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീൻ ആരോപിച്ചു. തിളച്ച സാമ്പാറിലോ വെന്ത പുട്ടിലോ ജീവനുള്ള പുഴു ഉണ്ടാകില്ലെന്നും, മേള അലമ്പാക്കാൻ ശ്രമിച്ച ചില സാമൂഹികദ്രോഹികളുടെ ആസൂത്രിതമായ നീക്കമാണിതെന്നും മന്ത്രി പറഞ്ഞു. പെരുമ്പാവൂരിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായ ജിജോ ജെയിംസാണ് ഈ വ്യാജ ആരോപണം ഉന്നയിച്ചതെന്നും ഇയാൾക്കെതിരെ പോലീസ് എഫ്.ഐ.ആർ ഇട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ മേളയെപ്പോലും രാഷ്ട്രീയമോ മറ്റ് പ്രതികാരമോ തീർക്കാൻ ദുരുപയോഗം ചെയ്ത അധ്യാപകനെതിരെ ശക്തമായ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരുകൾ അഞ്ചു കൊല്ലം കൂടുമ്പോൾ മാറിവരുന്നതാണെങ്കിലും എല്ലാക്കാലത്തും മേളകൾ കൃത്യമായി നടക്കാറുള്ളതാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. സർക്കാർ മാറിയെന്നതുകൊണ്ട് എല്ലാത്തിലും പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന മോശം മാനസികാവസ്ഥ മാറേതുണ്ട്. രാഷ്ട്രീയപ്പാർട്ടികളും വിദ്യാർത്ഥി-യുവജന സംഘടനകളും ഇത്തരം കാര്യങ്ങളിൽ ഗുണപരമായ മാറ്റം കൊണ്ടുവരണം. മേളയുടെ നടത്തിപ്പിൽ എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെങ്കിലും, ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളുമായി വരുന്നത് ശരിയല്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന ആരോപണം പഴയ സിനിമകളിലെ നമ്പറുകൾക്ക് സമാനമാണെന്ന് മന്ത്രി പരിഹസിച്ചു. ഭക്ഷണം കഴിച്ച ശേഷം പോക്കറ്റിൽ കൊണ്ടുവരുന്ന സാധനങ്ങൾ അതിലിട്ട് വിവാദമുണ്ടാക്കുന്ന രീതിയാണ് ഇവിടെയും പ്രയോഗിച്ചത്. കായികമേളയിൽ നൽകുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ എല്ലാ വിവരങ്ങളും സുതാര്യമായി നൽകിയിട്ടുള്ളതാണ്. കുട്ടികളുടെ മേളയിൽ ഇത്രയും നീചമായ പ്രവൃത്തികൾ ചെയ്ത് വാർത്തകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.