തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഉയർത്തുന്ന ഭീഷണി ഫലപ്രദമായി നേരിടുന്നതിനായി പുതിയ 'പകർച്ചവ്യാധി പ്രതിരോധ കലണ്ടർ' പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ കലണ്ടർ സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു. ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവർ കമ്മിറ്റിയിലെ വിദഗ്ദ്ധരാണ് ഈ കലണ്ടറിന് രൂപം നൽകിയത്.
കലണ്ടർ പുറത്തിറക്കുന്നതിന്റെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ബോധവത്കരണം നടത്തും. മുൻ സർക്കാരിന്റെ കാലത്ത് രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ മാത്രം ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തിയാൽ മതിയെന്ന ഉത്തരവ് തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനം അനിവാര്യമാണെന്നും, കലണ്ടർ പൊതുജനങ്ങൾക്കായി വെബ്‌സൈറ്റിലും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ മാസവും ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങൾ, ലക്ഷണങ്ങൾ, മുൻകരുതലുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കലണ്ടറിലുണ്ട്.
ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലണ്ടർ നിർമ്മിച്ചിരിക്കുന്നതെന്നും പുതിയ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് ഇത് പുതുക്കുമെന്നും ഹൈപവർ കമ്മിറ്റി ചെയർമാൻ എസ്.എസ്.ലാൽ പറഞ്ഞു. ചടങ്ങിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, എസ്.എ.ടി ആശുപത്രിയിലെ മെഡിക്കൽ ജനറ്റിക്സ് വിഭാഗം മേധാവി ഡോ.ശങ്കർ.വി.എച്ച് എന്നിവർ പങ്കെടുത്തു.