ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് ‘ഓപ്പറേഷൻ ത്രാൾ’ ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിൽ എൻഐഎ ചീഫായ ഹർഷവർധൻ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ രൂപഭാവങ്ങളും ഔദ്യോഗിക വേഷവുമെല്ലാം കൃത്യമായി കോർത്തിണക്കിയതാണ് പുറത്തുവന്ന പുതിയ ലുക്ക്. കഥാപാത്രത്തിന്റെ പദവിക്കും സ്വഭാവത്തിനും അനുയോജ്യമായ ഗൗരവമേറിയ അവതരണമാണ് പോസ്റ്ററിൽ കാണാനാകുന്നത്.
ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രത്തിന് രതീഷ് വേഗയാണ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. കശ്മീരിൽ അരങ്ങേറുന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലറാണ് ‘ഓപ്പറേഷൻ ത്രാൾ’.
പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിക്കുന്ന ഹർഷവർധൻ. മലയാള സിനിമയിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.