അർജന്റീനയോട് തോൽവി; പുരുഷ ഹോക്കി ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്
ആംസ്റ്റൽവീൻ: പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ സ്വപ്നങ്ങൾക്ക് വിരാമം. പൂൾ ഇയിലെ നിർണായക അവസാന മത്സരത്തിൽ അർജന്റീനയോട് 3-5ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായത്.നെതർലൻഡ്‌സിനെതിരായ മുൻ മത്സരത്തിലെ തോൽവിക്ക് പിന്നാലെ അർജന്റീനയ്‌ക്കെതിരെ വമ്പൻ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ആംസ്റ്റൽവീനിലെ വാഗനർ സ്റ്റേഡിയത്തിലും തിരിച്ചടി നേരിടേണ്ടിവന്നു.
മത്സരം തുടങ്ങി വെറും 39-ാം സെക്കൻഡിൽ ജോക്വിൻ ടോസ്‌കാനി അർജന്റീനയ്ക്കായി ഗോൾ നേടി. ഇന്ത്യൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി കോർണർ നിക്കോളാസ് ഡി ലാ ടോറെ ലക്ഷ്യത്തിലെത്തിച്ചതോടെ ലീഡ് 2-0 ആയി.പിന്നോട്ട് പോകാതെ പൊരുതിയ ഇന്ത്യയ്ക്കായി ഒമ്പതാം മിനിറ്റിൽ സുഖ്ജീത് സിങ് ഗോൾ നേടി. മികച്ച ഫിനിഷിങ്ങിലൂടെ സുഖ്ജീത് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ അർജന്റീന 2-1ന് മുന്നിലായിരുന്നു.
മൂന്നാം ക്വാർട്ടറിൽ തോമസ് ഡൊമെനെ രണ്ട് ഗോളുകൾ കൂടി നേടിയതോടെ അർജന്റീന മത്സരത്തിൽ ശക്തമായ പിടിമുറുക്കി. നാലാം ക്വാർട്ടറിൽ ലൂക്കാസ് ടോസ്‌കാനിയും ഗോൾ നേടിയതോടെ അർജന്റീനയുടെ ലീഡ് 5-1 ആയി.മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സമയം അനുകൂലമായില്ല. അവസാന രണ്ട് മിനിറ്റുകളിൽ സുഖ്ജീത് സിങ്ങും ഹാർദിക് സിങ്ങും ഓരോ ഗോൾ വീതം നേടിയെങ്കിലും ഇന്ത്യയുടെ തോൽവി ഒഴിവാക്കാനായില്ല. അന്തിമ സ്‌കോർ 5-3ന് അർജന്റീനയ്ക്ക്.
തോൽവിയോടെ പൂൾ ഇയിൽ ഇന്ത്യ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സെമി ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചെങ്കിലും ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ഇനി ഏഴാം സ്ഥാനത്തിനായുള്ള മത്സരം ബാക്കിയുണ്ട്. ഈ മത്സരത്തിൽ ആതിഥേയരായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.