കൊച്ചി: ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരനാണ് ട്രെയിലർ പുറത്തുവിട്ടത്. നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സെപ്റ്റംബർ 17 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്.
'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂർ ഒരുക്കുന്ന ഈ ചിത്രം രാമേശ്വരത്തിന്റെ പശ്ചാത്തലത്തിലാണ് വികസിക്കുന്നത്. വൈകാരികമായ കുടുംബബന്ധങ്ങൾക്കൊപ്പം രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളും സങ്കീർണമായ വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് ലഭിച്ചിരുന്നു.
രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി 56 ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആൽബി ആന്റണി ഛായാഗ്രഹണവും സാം സി. എസ്. സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. എഡിറ്റിംഗ്: ശ്രീജിത്ത് സാരംഗ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും