തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എമ്മിനെ പരിഹസിച്ചും ഉപദേശിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഈ തകര്‍ച്ചയില്‍ അവരെ കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ താനില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്ത് ചെയ്താലും ചോദിക്കാന്‍ ആരുമില്ലെന്ന സി.പി.എമ്മിന്റെ നിലപാടാണ് ഈ വന്‍ പരാജയത്തിന് കാരണമെന്ന് ആന്റണി വിലയിരുത്തി. 'സി.പി.എം. അവരുടെ തെറ്റായ നടപടികള്‍ തിരുത്താന്‍ തയ്യാറാകണം. എല്‍.ഡി.എഫ്. തകരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ജനവിധി അവര്‍ക്ക് നല്‍കുന്ന പാഠം ഉള്‍ക്കൊള്ളണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഖ്യമന്ത്രിയെക്കുറിച്ചോ മറ്റ് മന്ത്രിമാരെക്കുറിച്ചോ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ്. അധികാരത്തിലേറുമ്പോള്‍ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന്, നിലവില്‍ കേള്‍ക്കുന്ന പേരുകളെല്ലാം തനിക്ക് ഇഷ്ടമുള്ളവരാണെന്നായിരുന്നു ആന്റണിയുടെ മറുപടി. 'എല്ലാവരെയും കേട്ട ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനമെടുക്കും. ജനാധിപത്യത്തിന്റെ അതിസുന്ദരമായ നിമിഷങ്ങളാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
'തോറ്റു കിടക്കുന്നവനെ കുത്തി മുറിവേല്‍പ്പിക്കാനില്ല; സി.പി.എം. തെറ്റുകള്‍ തിരുത്തണം': എ.കെ. ആന്റണി