തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനും ബിജെപിക്കും തിരിച്ചടിയായി സംസ്ഥാന സർക്കാരിന്റെ കോടതി നിലപാട്. കാപ്പാ തടവുകാരനായി വിയ്യൂർ ജയിലിൽ കഴിയുന്ന സുഗതന്റെ കൗൺസിലർ ആയുള്ള പുനഃസത്യപ്രതിജ്ഞ ജയിലിൽ വെച്ച് നടത്താമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. കാപ്പാ തടവിൽ കഴിയുന്ന പ്രതിക്ക് ഇതിനായി ഇടക്കാല മോചനം നൽകേണ്ടതില്ലെന്നും, വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കാൻ തയാറാണെന്നും സർക്കാർ വ്യക്തമാക്കും. ചട്ടപ്രകാരം ജയിലിൽ വെച്ച് സത്യപ്രതിജ്ഞ നടത്തുന്നതിന് തടസ്സമില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.
നേരത്തെ ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരിൽ ഒരാളാണ് വാർഡ് 20-നെ പ്രതിനിധീകരിക്കുന്ന ആർ. സുഗതൻ. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്റെ ഹർജി പരിഗണിക്കുന്നതിനിടെ, ജയിലിൽ സത്യപ്രതിജ്ഞ സാധ്യമാണോ എന്ന് കോടതി ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് തിങ്കളാഴ്ച സർക്കാർ കോടതിയെ അറിയിക്കുന്നത്. നിലവിൽ ജൂൺ 9 മുതൽ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന സുഗതന്, നെടുമങ്ങാട് കോടതി മറ്റ് രണ്ട് കേസുകളിൽ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും കാപ്പ കേസിൽ നിന്ന് ജയിൽ മോചിതനായാൽ മാത്രമേ ഈ ജാമ്യം പ്രാബല്യത്തിൽ വരൂ. ഈ സാഹചര്യത്തിലാണ് ജയിൽ മോചനം തേടി സുഗതൻ ഹൈക്കോടതിയെ സമീപിച്ചതും സർക്കാരിന്റെ നിലപാട് തിരിച്ചടിയായതും.