TRUMP| വിദേശരാജ്യങ്ങള്‍ക്ക് അധിക തീരുവ: ട്രംപിന് ആശ്വാസവിധി; നടപടികള്‍ വിലക്കിയ ഫെഡറല്‍ കോടതി ഉത്തരവിന് സ്റ്റേ
Jaihind TV News Report
Jaihind TV Web Desk
May 30, 2025
1 min read
•
Updated: June 02, 2026
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നടപടികള്‍ വിലക്കിയ ഫെഡറല്‍ വ്യാപാര കോടതിയുടെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ പ്രഖ്യാപിച്ച് അപ്പീല്‍ കോടതി. തീരുവ നടപടികള്‍ നിയമാനുസൃതമല്ലെന്ന യുഎസ് ഫെഡറല്‍ കോടതിയുടെ വിധിക്കാണ് സ്റ്റേ. കേസ് വീണ്ടും ജൂണ്‍ 9 ന് പരിഗണിക്കും.
വിധി മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് കാട്ടി ട്രംപ് ഭരണകൂടം നല്‍കിയ അപ്പീലിലാണ് കോടതി നടപടി. മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഏകപക്ഷീയമായി തീരുവകള്‍ ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് മൂന്നംഗ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. തീരുവ നടപടികള്‍ യുഎസ് കോണ്‍ഗ്രസിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും ഫെഡറല്‍ വ്യാപാര കോടതി പറഞ്ഞിരുന്നു. തീരുവ നടപടികള്‍ 10 ദിവസങ്ങള്‍ക്കകം നിര്‍ത്തലാക്കണമെന്നായിരുന്നു ഫെഡറല്‍ കോടതിയുടെ ഉത്തരവ്. അമേരിക്കയുടെ സാമ്പത്തിക അടിയന്തിര സാഹചര്യം മെച്ചപ്പെടുത്താനാണ് തീരുവ നടപടികളെന്നാണ് വൈറ്റ് ഹൌസ് വാദിച്ചിരുന്നത്.
സാമ്പത്തിക അനിവാര്യതയെ തടയാന്‍ തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാര്‍ക്ക് കഴിയില്ലെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങള്‍ സ്വന്തമായി മാറ്റാന്‍ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും ആയിരുന്നു ഇന്നലെ ഫെഡറല്‍ കോടതിയുടെ വിധി. പുതിയ തീരുവ ചുമത്തുന്നതില്‍നിന്ന് ട്രംപിനെ തടഞ്ഞ കോടതി, നിയമം അനുശാസിക്കുന്ന അധികാരങ്ങള്‍ക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നും വിമര്‍ശിച്ചിരുന്നു. 1977 ലെ ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് എന്ന നിയമ പ്രകാരം താരിഫ് ഉയര്‍ത്താന്‍ കോണ്‍ഗ്രസ് ഒരിക്കലും പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് ഗുരുതരമായ ഭീഷണി നേരിടുമ്പോള്‍, സാമ്പത്തിക നടപടിയെടുക്കാന്‍ മാത്രമാണ് ഐഇഇപിഎ നിയമം പ്രസിഡന്റിന് അധികാരം നല്‍കുന്നതെന്നും കോടതി പറഞ്ഞിരുന്നു. താന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും താരിഫ് നിശ്ചയിക്കാന്‍ ഈ നിയമം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും ഫെഡറല്‍ കോടതി നിരീക്ഷിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10