കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസിലെ മറ്റു മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി സുഹൈലിന് പത്ത് ദിവസത്തിന് ശേഷം മാത്രമേ ജാമ്യം നല്‍കൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. നാല് പ്രതികളുടെയും ജാമ്യാപേക്ഷകള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ഉത്തരവിട്ടത്.
നെടുമ്പാശ്ശേരി അപകടം ദൗര്‍ഭാഗ്യകരമാണെന്ന് നിരീക്ഷിച്ച കോടതി, കേസില്‍ തെളിവുകളെല്ലാം ശേഖരിച്ചോ എന്ന് അന്വേഷണ സംഘത്തോട് ആരാഞ്ഞു. പൊതുബോധത്തിന് അനുസരിച്ചല്ല, നിയമവും നടപടിക്രമങ്ങളും അനുസരിച്ചാണ് തീരുമാനം എടുക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ടെന്നും രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അതിനിടെ, അപകടസമയത്ത് വാഹനം അമിതവേഗതയിലായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ഇ.ഡി.ആര്‍ പരിശോധനാഫലം പുറത്തുവന്നു. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുന്‍പ് വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 162 കിലോമീറ്ററായിരുന്നു. വെറും 11 സെക്കന്‍ഡ് കൊണ്ടാണ് വാഹനം 500 മീറ്റര്‍ ദൂരം സഞ്ചരിച്ചതെന്നും ബി.എം.ഡബ്ല്യു അന്വേഷണ സംഘത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള കടയില്‍ നിന്ന് ചായ കുടിച്ച് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സുഹൈലിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്.
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക് ജാമ്യം