തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, അന്തരീക്ഷത്തിലെ കാർബൺ ആഗിരണം ചെയ്യാനുള്ള സമുദ്രങ്ങളുടെ ശേഷി ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. മാനവരാശി അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺ ഡൈയോക്‌സൈഡിന്റെ ഏകദേശം 30 ശതമാനവും ഹരിതഗൃഹ വാതകങ്ങൾ കാരണം ഭൂമിയിൽ തങ്ങിനിൽക്കുന്ന അധിക താപത്തിന്റെ 90 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. എന്നാൽ, ആഗോളതാപനം കാരണം സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ ഇതിനകം ഏകദേശം ആറ് ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെന്ന് യു.എൻ വ്യക്തമാക്കുന്നു.
വരാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയായ സി.ഒ.പി 31-ന് (COP31) മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പരാമർശിക്കുന്നത്. യു.എൻ പരിസ്ഥിതി പ്രോഗ്രാമും (UNEP) യു.എൻ കാലാവസ്ഥാ സെക്രട്ടറിയേറ്റും സംയുക്തമായാണ് ഈ പഠന റിപ്പോർട്ട് തയാറാക്കിയത്. സമുദ്രത്തിലെ താപനില വർധനവ്, അമ്ലീകരണം, രാസമാറ്റങ്ങൾ, മലിനീകരണം എന്നിവ സമുദ്രത്തിന്റെ കാർബൺ സംഭരണ ശേഷിയെ തകർക്കുകയും അന്തരീക്ഷത്തിൽ കൂടുതൽ കാർബൺ ഡൈയോക്‌സൈഡ് അവശേഷിപ്പിക്കുകയും ചെയ്യുന്നു. ഇത് വരുംവർഷങ്ങളിൽ ഭൂമിയിലെ ചൂട് ക്രമാതീതമായി ഉയരുന്നതിന് കാരണമാകും.
ദക്ഷിണ സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ആർട്ടിക്, തീരദേശ മേഖലകൾ എന്നിവിടങ്ങളിലെ കൃത്യമായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം വലിയ വെല്ലുവിളിയാണെന്നും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി 'ഓഷ്യൻ കാർബൺ ഇന്റലിജൻസ്' ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കണ്ടൽക്കാടുകളും കടൽപ്പുല്ലുകളും ഉൾപ്പെടുന്ന 'ബ്ലൂ കാർബൺ' ആവാസവ്യവസ്ഥകൾ പ്രതിവർഷം 407 ദശലക്ഷം ടൺ കാർബൺ ഡൈയോക്‌സൈഡ് ആഗിരണം ചെയ്യുന്നുണ്ട്. ഇവ പുനഃസ്ഥാപിക്കുന്നത് തീരദേശ സംരക്ഷണത്തിനും ജൈവവൈവിധ്യത്തിനും ഉപകരിക്കുമെങ്കിലും, ആഗോളതലത്തിൽ കാർബൺ പുറന്തള്ളൽ ഘട്ടംഘട്ടമായി കുറയ്ക്കുക മാത്രമാണ് ഇതിന് ശാശ്വതമായ പരിഹാരമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു.എൻ റിപ്പോർട്ട്