യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. ഇതോടെ, ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന മാർപാപ്പയായി അദ്ദേഹം മാറി. അമേരിക്കൻ പൗരൻ കൂടിയായ മാർപാപ്പ സ്വന്തം ജന്മദേശമായ ഷിക്കാഗോയിലാണ് പോസ്റ്റൽ ബാലറ്റ് വഴി സമ്മതിദാനാവകാശം വിനിയോഗിച്ചതെന്ന് വത്തിക്കാൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകുക എന്നത് പൗരന്മാരുടെ അവകാശവും കടമയുമാണെന്ന നിലപാടാണ് മാർപാപ്പയ്ക്കുള്ളത്.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, 'ലിയോ പതിനാലാമൻ' എന്ന പേരിൽ കത്തോലിക്കാ സഭയുടെ അധ്യക്ഷപദവിയിലെത്തുന്നത്. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പ കൂടിയാണ് ഇദ്ദേഹം. മുൻപ് പെറുവിൽ മിഷനറിയായി സേവനമനുഷ്ഠിച്ച കാലത്തടക്കം എല്ലാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വത്തിക്കാൻ വ്യക്തമാക്കി. ശസ്ത്രക്രിയക്ക് മുൻപായി ഇലിനോയിയിലെ വിലാസത്തിലാണ് അദ്ദേഹം പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വിവിധ വിഷയങ്ങളിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം പുലർത്തുന്ന വ്യക്തിയാണ് ലിയോ മാർപാപ്പ. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ 'മനുഷ്യത്വരഹിതം' എന്ന് വിമർശിച്ച മാർപാപ്പയ്ക്കെതിരെ ട്രംപ് മുൻപ് വാക്‌പോര് നടത്തിയിരുന്നു. എന്നാൽ, തനിക്ക് ട്രംപിനെ ഒട്ടും ഭയമില്ലെന്നായിരുന്നു ലിയോ മാർപാപ്പയുടെ മറുപടി.
നവംബറിൽ ലാറ്റിനമേരിക്കൻ സന്ദർശനത്തിന് തുടക്കമിടുന്ന മാർപാപ്പ, അധികം വൈകാതെ അമേരിക്കയും സന്ദർശിക്കും. എന്നാൽ യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം ആ സന്ദർശന തീയതി നിർണയിക്കുന്നതിൽ സുപ്രധാനമാകുമെന്ന് വത്തിക്കാൻ വിദേശകാര്യ മന്ത്രി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ അറിയിച്ചു.
ചരിത്രത്തിലാദ്യം: യു.എസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ