കൊച്ചി: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പില്‍ വന്‍ അഴിമതി നടന്നതായി വി.പി. സജീന്ദ്രന്‍ എം.എല്‍.എ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 88 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ (CHC) നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡുകളുടെ പേരില്‍ കോടികളുടെ ക്രമക്കേടാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണത്തിനായി 1.75 കോടി രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ചെന്ന് പറയുന്ന ഈ സംവിധാനങ്ങളില്‍ പലതും നിലവില്‍ പൂര്‍ണ്ണമായും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. മിക്ക പദ്ധതികളിലും 10 ലക്ഷം രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും പലയിടത്തും നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ കാടുമൂടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന ഏജന്‍സികളെ ഉടനടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലുകള്‍ ഉള്‍പ്പെടെ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സജീന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയതായും സംഭവത്തില്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.