മുംബൈ: മൂന്ന് പുതിയ ഇലക്ട്രിക് എസ്‌യുവി മോഡലുകളുമായി യുകെ വാഹന വിപണിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഒരുങ്ങുന്നു. യുകെ വിപണിയിലെ ഉപഭോക്തൃ താല്പര്യങ്ങളും വില്‍പ്പന സാധ്യതകളും വിലയിരുത്തുന്നതിനായുള്ള പ്രാഥമിക പഠനങ്ങളും അഭിപ്രായ സര്‍വേകളും കമ്പനി പൂര്‍ത്തിയാക്കിയതായി ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
മഹീന്ദ്രയുടെ സൂപ്പര്‍ഹിറ്റ് ഇലക്ട്രിക് മോഡലായ BE6E (BE 6e), XEV 9e എന്നിവയായിരിക്കും യുകെയില്‍ ആദ്യഘട്ടത്തില്‍ എത്തുക. ഇതിനൊപ്പം ഇന്ത്യയില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത BE 07 ഇലക്ട്രിക് എസ്യുവിയും യുകെ വിപണിയിലെത്തിക്കും. ഇന്ത്യയില്‍ ഈ വാഹനം അടുത്ത വര്‍ഷത്തോടെ നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022-ല്‍ 'മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ യൂറോപ്പ്' എന്ന പേരില്‍ ഡിസൈന്‍ സ്റ്റുഡിയോ ആരംഭിച്ചുകൊണ്ട് കമ്പനി യുകെ വിപണിയിലേക്കുള്ള ചുവടുവെപ്പ് ആരംഭിച്ചിരുന്നു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (FTA) യാഥാര്‍ത്ഥ്യമാകുന്നത് മഹീന്ദ്രയുടെ യുകെ പ്രവേശനത്തിന് വേഗം കൂട്ടുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ഓട്ടോമോട്ടീവ് വിഭാഗം സി.ഇ.ഒ നളിനികാന്ത് ഗൊല്ലഗുണ്ട വ്യക്തമാക്കി. 2027-ഓടെ വാഹനങ്ങള്‍ യുകെ നിരത്തുകളില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
യുകെ വിപണി കീഴടക്കാന്‍ മഹീന്ദ്ര: 3 ഇലക്ട്രിക് എസ്‌യുവികളുമായി ഇന്ത്യന്‍ വാഹന ഭീമന്‍ ബ്രിട്ടനിലേക്ക്