രാജയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാന്‍ സമയം; ദേവികുളം വിധിക്ക് 10 ദിവസത്തെ ഇടക്കാല സ്റ്റേ
Jaihind TV News Report
Jaihind TV Web Desk
March 21, 2023
1 min read
•
Updated: June 04, 2026
കൊച്ചി: സിപിഎം എംഎൽഎ എ രാജയുടെ ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. സുപ്രീം കോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സ്റ്റേയാണ് അനുവദിച്ചത്. സിപിഎം എംഎൽഎ എ രാജയ്ക്ക് അർഹതയില്ലെന്ന് വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയത്. പട്ടിക ജാതി സംവരണത്തിന് രാജയ്ക്ക് അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറാണ് ഹർജി നല്‍കിയത്. ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാളല്ല രാജയെന്ന് വ്യക്തമായതായി ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യനല്ല. രാജയുടെ നാമനിർദേശപത്രിക തന്നെ റിട്ടേണിംഗ് ഓഫീസർ തള്ളേണ്ടതായിരുന്നു എന്ന നിർണായക പരാമർശവും കോടതി നടത്തി.
പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തെരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണ് ഡി കുമാർ ഹർജി നൽകിയത്. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ആളാണ് എ രാജയെന്നും പട്ടികജാതി സംവരണസീറ്റില്‍ മത്സരിക്കാന്‍ രാജക്ക് യോഗ്യതയില്ലെന്നുമായിരുന്നു ഡി കുമാറിന്‍റെ വാദം. ഡി കുമാര്‍ നല്‍കിയ ഹര്‍ജിയുടെ തുടര്‍ നടപടിയെന്നോണമാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. രാജയുടെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഡി കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റേതാണ് ഇപ്പോള്‍ വന്നിട്ടുള്ള ഉത്തരവ്. ക്രിസ്തുമത വിശ്വാസികളായ അന്തോണി–എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണ്. രാജയുടെ ഭാര്യയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണ് നടന്നതെന്നും ഡി കുമാർ ചൂണ്ടിക്കാട്ടി. ഇവരുടെ വിവാഹഫോട്ടോ പ്രാഥമിക തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം വിവാഹത്തെക്കുറിച്ചും വിവാഹച്ചടങ്ങിനെക്കുറിച്ചുമുള്ള ചോദ്യങ്ങളിൽനിന്ന് രാജ ഒഴിഞ്ഞുമാറി. ക്രൈസ്തവനല്ലെന്നു തെളിയിക്കാൻ കുണ്ടള സിഎസ്ഐ പള്ളിയിലെ കുടുംബ റജിസ്റ്ററിൽ ഉൾപ്പെടെ തിരുത്തൽ വരുത്തി വ്യാജരേഖ ചമയ്ക്കാൻ ശ്രമം നടത്തിയതായി വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.
സംവരണ മണ്ഡലമായ ദേവികുളത്തു നിന്ന് 7848 വോട്ടിനായിരുന്നു എ രാജ വിജയിച്ചത്. 1,69,381 വോട്ടാണ് ആകെ ദേവികുളം മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ 1,15,774 വോട്ടുകളാണ് ഇത്തവണ പോള്‍ ചെയ്തത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10