വാട്സാപ്പില്‍ ഫോണ്‍ നമ്പറിന് പകരം യൂസര്‍ നെയിം ഓപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ ഒടുവില്‍ ഔദ്യോഗിക വിശദീകരണവുമായി കമ്പനി രംഗത്ത്. ഈ പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ ഇതുവരെ പ്രയോഗത്തില്‍ വന്നിട്ടില്ലെന്നും ഈ വര്‍ഷം തന്നെ രാജ്യത്ത് ലഭ്യമാക്കുമെന്നും മെറ്റ വിശദീകരിച്ചു. ഫീച്ചര്‍ വരുമ്പോള്‍ ഉണ്ടാകാനിടയുള്ള ആള്‍മാറാട്ടവും വ്യാജ അക്കൗണ്ട് വഴിയുള്ള സൈബര്‍ തട്ടിപ്പുകളും തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ശക്തമായ ബഹുതല പ്രതിരോധ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വാട്സാപ്പ് വ്യക്തമാക്കി.
പുതിയ ഫീച്ചര്‍ വരുമ്പോഴും ഫോണ്‍ നമ്പറില്ലാതെ വാട്സാപ്പ് അക്കൗണ്ട് നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് കമ്പനി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഒരാളുടെ യൂസര്‍നെയിം കൃത്യമായി ടൈപ്പ് ചെയ്ത് അറിയാതെ മറ്റൊരാള്‍ക്ക് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. യൂസര്‍നെയിം ഊഹിച്ചെടുത്ത് ആളുകളെ കണ്ടെത്തി സന്ദേശങ്ങള്‍ അയക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള സംവിധാനവും ഇതിലൊപ്പമുണ്ടാകും. ഇതിനായി യൂസര്‍നെയിം സെര്‍ച്ച് ചെയ്ത് എടുത്ത് അയക്കാവുന്ന മെസ്സേജുകള്‍ക്ക് നിശ്ചിത പരിധി നിശ്ചയിക്കും. കൂടാതെ, പുതിയ യൂസര്‍നെയിം വഴി ആദ്യമായി ഒരാള്‍ സന്ദേശം അയക്കുമ്പോഴും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ വരുമ്പോഴും ഉപയോക്താക്കള്‍ക്ക് പ്രത്യേക സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.
ലോകമെമ്പാടുമുള്ള 300 കോടിയിലധികം വരുന്ന ഉപയോക്താക്കള്‍ക്ക് സ്വന്തം ഫോണ്‍ നമ്പര്‍ പരസ്യമായി പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി സുരക്ഷിതമായി ബന്ധപ്പെടാന്‍ ഈ ഫീച്ചര്‍ സഹായിക്കുമെന്നാണ് മെറ്റയുടെ പ്രധാന വാദം. എന്നാല്‍, പുതിയ യൂസര്‍നെയിം ഫീച്ചര്‍ നിലവില്‍ വരുന്നതോടെ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ആള്‍മാറാട്ടവും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ സുരക്ഷാ ആശങ്കകള്‍ കൂടി പരിഹരിച്ചുകൊണ്ട് വാട്സാപ്പ് പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്.
കേന്ദ്രത്തിന്റെ കടുത്ത നിലപാടിനിടെ വിശദീകരണവുമായി വാട്സാപ്പ്; യൂസർ നെയിം ഫീച്ചർ ഇതുവരെ വന്നിട്ടില്ല, ഈ വര്‍ഷം തന്നെ ഫീച്ചർ എത്തുമെന്ന് മെറ്റ