ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും കണ്ണൂർ ജില്ലാ നേതൃത്വത്തിനുമെതിരെ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷവിമർശനം. സംഘടന പിണറായി വിജയന്റെ വാലായി മാറിയെന്നാണ് സമ്മേളനത്തിൽ ഉയർന്ന പ്രധാന രാഷ്ട്രീയ വിമർശനം. ഡിവൈഎഫ്ഐയുടെ നിലവിലെ പ്രവർത്തന രീതിയിൽ അടിയന്തരമായി തിരുത്തൽ വരുത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. കോട്ടകളായി കരുതപ്പെടുന്ന ഇടങ്ങളിൽ പോലും സംഘടന നേരിടുന്ന ആഭ്യന്തര തർക്കങ്ങളും നേതൃത്വത്തിന്റെ വീഴ്ചകളും സമ്മേളനത്തിൽ സജീവ ചർച്ചയായി.
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും പയ്യന്നൂർ നഗരസഭ ചെയർമാനുമായ സരിൻ ശശിക്കെതിരെ സമ്മേളനത്തിൽ കടുത്ത വ്യക്തിപരമായ വിമർശനമാണ് ഉയർന്നത്. പയ്യന്നൂരിലെ പാർട്ടിയിലെയും സംഘടനയിലെയും വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയത് സരിൻ ശശിയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. പയ്യന്നൂരിലെ ആഭ്യന്തര പൊട്ടിത്തെറിക്ക് പിന്നാലെ അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങളും ചോദ്യം ചെയ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സരിൻ ശശി നടത്തിയ പ്രവർത്തനങ്ങളിൽ പ്രതിനിധികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം പയ്യന്നൂർ മണ്ഡലത്തിന് പുറത്തേക്ക് പോയിട്ടില്ലെന്നും, ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്തം കാണിക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.