മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി; കെ സുരേന്ദ്രന്‍ 42,000 രൂപ നല്‍കണം; ഹര്‍ജി പിന്‍വലിച്ചു

Jaihind Webdesk
Friday, June 21, 2019

K Surendran

മഞ്ചേശ്വരത്ത് പി.ബി അബ്ദുള്‍ റസാഖിന്‍റെ വിജയത്തിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹർജി പിന്‍വലിക്കാനുള്ള അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഇതോടെ മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ജസ്റ്റിസ് സുനില്‍ തോമസിന്‍റേതാണ് ഉത്തരവ്. അതേസമയം കേസിന്‍റെ ആവശ്യത്തിനായി ചിലവായ 42,000 രൂപ കെ സുരേന്ദ്രന്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

കേസിലെ സാക്ഷികളെ മുഴുവന്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. ഈ അപേക്ഷ ഹൈക്കോടതി അനുവദിച്ചതോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കേസുമായി ബന്ധപ്പെട്ട് ചെലവായ 42,000 രൂപ സുരേന്ദ്രന്‍ അടയ്ക്കണം. വോട്ടിംഗ് യന്ത്രങ്ങള്‍ തിരികെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചെലവാണിത്.

സുരേന്ദ്രന്‍റെ ഹർജി നിലനില്‍ക്കുന്നതിനാലാണ് അബ്ദുള്‍ റസാഖ്  മരിച്ച് ആറ് മാസങ്ങള്‍ക്കുശേഷവും മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാതിരുന്നത്. സാക്ഷികളെ മുഴുവന്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെയാണ് ഹർജി പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും ഗസറ്റില്‍ പരസ്യം ചെയ്ത് മാത്രമേ ഹർജി പിന്‍വലിക്കാന്‍ കഴിയൂ എന്നതിനാലാണ് നടപടിക്രമങ്ങള്‍ നീണ്ടത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയതോടെ ഒഴിവുള്ള മറ്റ് നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം ഇവിടെയും ഉപതെരഞ്ഞെടുപ്പ് നടക്കും.

ഹൈക്കോടതി നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ഇതോടെ പാല, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും ഇനി ഉപതെരഞ്ഞെടുപ്പ് നടക്കും. എന്നാല്‍ കെ മുരളീധരന്‍ വിജയിച്ച വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഇവിടെ ഉപതെരഞ്ഞെടുപ്പിന് കാലതാമസം നേരിട്ടേക്കും.