പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ; കെ സുരേന്ദ്രന്‍റെ കോഴിക്കോട് – തിരുവനന്തപുരം യാത്ര വിവാദമാകുന്നു

Jaihind News Bureau
Friday, April 3, 2020

പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ നടത്തിയ യാത്ര വിവാദമാകുന്നു. ഡിജിപിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്നാണ് സുരേന്ദ്രൻ അവകാശപ്പെടുന്നത്. എന്നാല്‍, സേവഭാരതിയുടെ പേരിൽ സംഘടിപ്പിച്ച പാസിലാണ് സുരേന്ദ്രന്‍റെ യാത്ര എന്നാണ് പ്രാഥമിക വിവരം.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രൻ ഇന്നലെ തലസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതോടെയാണ് ലോക്ക് ഡൗൺ ലംഘനം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. സേവാ ഭാരതിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനെന്ന പേരിൽ യാത്രാ പെർമിറ്റ് സംഘടിപ്പിച്ച ഒരു വാഹനത്തിന്‍റെ മറവിലാണ് സഞ്ചാരം എന്നും പൊലീസിന് വിവരം ലഭിച്ചു.

ഡിജിപിയുടെ അറിവോടെ, എസ്പി നൽകിയ അനുമതിയോടെയാണ് ജില്ലകൾ കടന്നുള്ള യാത്ര എന്ന സുരേന്ദ്രന്‍റെ വാദം പക്ഷേ ഉന്നത പൊലീസുദ്യോഗസ്ഥരെയും ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ട്. തീവ്രബാധിത പ്രദേശമായ കോഴിക്കോട് ജില്ലയിൽ നിന്നും ഒരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് യാത്ര അനുമതി പൊലീസ് ആർക്കും നൽകുന്നില്ല. അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. തിരുവനന്തപുരത്ത് ചികിത്സക്കെത്താൻ പോലും യാത്ര വിലക്ക് കാരണം വടക്കൻ കേരളത്തിൽ നിന്നുള്ളവർ ബുദ്ധിമുട്ടുമ്പോൾ എല്ലാ വിലക്കും ലംഘിച്ചുള്ള സുരേന്ദ്രന്‍റെ യാത്ര പൊലീസ് വൃത്തങ്ങളില്‍ ഉള്‍പ്പെടെ ചർച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ നിർദേശം ബിജെപി അധ്യക്ഷൻ തന്നെ മറികടന്നതിനെതിരെയും വിമർശനമുയരുന്നുണ്ട്.