പുതിയ അധ്യക്ഷനെ തീരുമാനിച്ചിട്ടും ബിജി.പി സംസ്ഥാന ഘടകത്തിൽ വിഭാഗീയത അവസാനിക്കുന്നില്ല

Jaihind News Bureau
Saturday, February 22, 2020

K Surendran

പുതിയ അധ്യക്ഷനെ തീരുമാനിച്ചിട്ടും ബിജി.പി സംസ്ഥാന ഘടകത്തിൽ വിഭാഗീയത അവസാനിക്കുന്നില്ല. കെ.സുരേന്ദ്രൻ സംസഥാന അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങ് ഒരു വിഭാഗം നേതാക്കൾ ബഹിഷ്‌ക്കരിച്ചു. വരും ദിവസങ്ങളിൽ ബി.ജെ.പി യിൽ വിഭാഗീത കൂടുതൽ രൂക്ഷമാകും എന്നതിന്‍റെ സൂചനകളാണ് പുറത്ത് വരുന്നത്.

കെ.സുരേന്ദ്രൻ പാർട്ടി ആസ്ഥാനത്ത് എത്തി അധ്യക്ഷനായി ചുമതലയേറ്റപ്പോൾ ഒരു വിഭാഗം നേതാക്കളുടെ അസാനിധ്യമായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ,എം.ടി രമേശ്,ശോഭാസുരേന്ദൻ തുടങ്ങിയവരാണ് സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് വിട്ടുനിന്നത്. സംസഥാന അധ്യക്ഷ പദവിയിൽ കെ.സുരേന്ദ്രനെതിരെ രംഗത്ത് ഉണ്ടായികുന്ന ആളാണ് പി. കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാവായ എം.ടി രമേശ്. എം.ടി രമേശിന് വേണ്ടി അവസാന നിമിഷം വരെയും കൃഷ്ണദാസ് പക്ഷം ചരട് വലികൾ നടത്തിയിരുന്നു.സുരേന്ദ്രൻ സ്ഥാനമേറ്റ ശേഷമാണ് എം.ടി രമേശ് പാർട്ടി ആസ്ഥാനത്ത് എത്തിയത്. അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായി രംഗത്ത് ഉണ്ടായിരുന്ന മറ്റൊരു നേതാവ് ശോഭാ സുരേന്ദ്രനും ചടങ്ങിന് എത്തിയില്ല. മുൻ മിസോറാം ഗവർണർ കൂടിയായ കുമ്മനം രാജശേഖരന്‍റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ സ്ഥാനാരോഹണ ചടങ്ങിലെ ഈ മുതിർന്ന നേതാക്കളുടെ അസാനിധ്യം കൂടുതൽ ശ്രദ്ധേയമാകുന്നതും.

കൃഷ്ണദാസ് പക്ഷത്തെ വെട്ടിനിരത്തിയാണ് വി.മുരളീധര പക്ഷത്തെ പ്രമുഖനായ കെ.സുരേന്ദ്രൻ അധ്യക്ഷ പദവിയിൽ എത്തിയത്. താരതമ്യേന ജൂനിയറായ സുരേന്ദ്രനെ അധ്യക്ഷനാക്കിയതിൽ പാർട്ടിയിലെ എതിർ ചേരിയിൽ കടുത്ത അതൃപ്തിയാണ് നിലനിൽക്കുന്നത്. സുരേന്ദ്രന്‍റെ കീഴിൽ ജനറൽ സെക്രട്ടറിമാരായി തുടരാൻ കഴിയില്ല എന്നതാണ് എം.ടി രമേശ് ഉൾപ്പെടെയുളള നേതാക്കളുടെ നിലപാട്. ഘടകകക്ഷികൾക്കുളള അതൃപ്തി വ്യക്തമാകുന്നത് കൂടിയായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. കൂട്ടായി മുന്നണിയെ നയിക്കാൻ ബിജെപിക്ക് പരിചയക്കുറവ് ഉണ്ടെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ വിമർശനം.

റെയിൽവേ സ്റേഷനിലും ബി ജെ പി ആസ്ഥാനത്തും കെ സുരേന്ദ്രന് ആവേശമായ സ്വീകരണം ലഭിച്ചപ്പോൾ ആവേശമല്ല ആദർശമാണ് പ്രധാനമെന്ന് മുതിർന്ന നേതാവായ പി പി മുകുന്ദന്‍റെ ഉപദേശം. പാർട്ടിയിലെ വിഭാഗീയത മൂലം മാസങ്ങൾക്കു ശേഷമാണ് അധ്യക്ഷനെ കണ്ടെത്താൻ പാർട്ടിയ്ക്ക് സാധിച്ചത്. പുതിയ അധ്യക്ഷൻ എത്തിയെങ്കിലും പാർട്ടിയിലെ വിഭാഗീയത കൂടുതൽ ശക്തമാകുമെന്നതിന്‍റെ വ്യക്തമായ സൂചനകൾ തന്നെയാണ് പുറത്തു വരുന്നത്.