പരവൂരിലെ എല്‍.ഡി.എഫ് ആക്രമണം; കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധപരിപാടികള്‍

Jaihind Webdesk
Monday, June 3, 2019

കൊല്ലം : പരവൂരിൽ നിയുക്ത എം.പി എൻ.കെ പ്രേമചന്ദ്രന്‍റെ സ്വീകരണ പരിപാടിക്കുനേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊല്ലത്തെ എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.

പരവൂർ പൂതക്കുളത്ത് കഴിഞ്ഞ ദിവസം എൻ.കെ പ്രേമചന്ദ്രന്‍റെ സ്വീകരണ പരിപാടിക്കുനേരെ എല്‍.ഡി.എഫ് പ്രവർത്തകർ നടത്തിയആക്രമണത്തിൽ നാല് യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ചാത്തന്നൂർ മണ്ഡലത്തിലെ സ്വീകരണ പരിപാടിക്കിടയിലായി രുന്നു അക്രമം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകനായ രാധാകൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരേ പോലിസ് പിടികൂടി. രാധാകൃഷ്ണനെ കല്ല് കൊണ്ട് തലയ്ക്കിടിച്ച സഹകരണ ബാങ്ക് ജീവനക്കാരൻ മഹേന്ദ്രന് വേണ്ടി പോലിസ് തെരച്ചിൽ തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ മികച്ച വിജയത്തില്‍ അസ്വസ്ഥരായ ഇടതുമുന്നണി പ്രവര്‍ത്തകര്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക ആക്രമണമാണ് അഴിച്ചുവിടുന്നത്. എല്‍.ഡി.എഫ് ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.