കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് മേഴ്‌സിയർ അന്തരിച്ചു ; അനുശോചിച്ച് നേതാക്കള്‍

Jaihind News Bureau
Wednesday, September 16, 2020

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് മേഴ്‌സിയർ അന്തരിച്ചു.  കരള്‍ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. 2006ലാണ് കോവളത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തിയത്. കെപിസിസി നിർവാഹകസമിതി അംഗമാണ്. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ്, കേരളാ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഭിഭാഷകനാണ്.  സംസ്കാരം നാളെ രാവിലെ 11.30ന് പാറ്റൂർ സെമിത്തേരിയിൽ നടക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ എം.എം ഹസ്സന്‍, വി.എം സുധീരന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി