തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് : മോദിയുടെ യുഎഇ സന്ദര്‍ശനത്തിന് മുമ്പ് തുഷാറിനെ ജയില്‍ മോചിതനാക്കാന്‍ ഉഷാറായ ശ്രമം

B.S. Shiju
Thursday, August 22, 2019

ദുബായ് : ബിജെപി നയിക്കുന്ന എന്‍ ഡി എയുടെ നേതാവും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായതെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. തുഷാറിനെ അജ്മാന്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ബിജെപി നയിക്കുന്ന എന്‍ ഡി എയുടെ കേരളത്തിലെ മുതിര്‍ന്ന നേതാവും, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ് സാമ്പത്തിക കേസില്‍, യുഎഇയില്‍ പൊലീസ് അറസ്റ്റു ചെയ്തത്. ബിസിനസ് പങ്കാളിക്കു നല്‍കിയ കോടികളുടെ ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. യുഎഇയിലെ വടക്കന്‍ നഗരമായ അജ്മാനിലെ ജയിലിലാണ് തുഷാറെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ചൊവ്വാഴ്ച കൊച്ചിയില്‍ നിന്നും എയര്‍ഇന്ത്യ വിമാനത്തില്‍ ദുബായില്‍ വന്നിറങ്ങിയ തുഷാറിനെ ആദ്യം എയര്‍പോര്‍ട്ട് പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ദുബായിലെ ഒരു പൊലീസ് സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്ത് അജ്മാന്‍ പൊലീസിന് കൈമാറിയെന്നാണ് വിവരം.

നേരത്തെ, തുഷാറും അടുപ്പക്കാരും ചേര്‍ന്ന്, ദുബായിലും മറ്റുമായി ഇലക്ട്രോ മെക്കാനിക്കല്‍ കോണ്‍ട്രാക്ടിങ് കമ്പനി ഉള്‍പ്പടെയുള്ള ബിസിനസുകള്‍ നടത്തിയിരുന്നു. സി പി എമ്മിലെ ഉന്നത നേതാക്കളുടെ മക്കളും തുഷാറുമായി വ്യാപാര ബന്ധം നടത്തിയിരുന്നത് നേരത്തെ വലിയ വിവാദമായിരുന്നു. ഇപ്രകാരം, തുഷാറിന്‍റെ പേരിലുണ്ടായിരുന്ന കേസിസാണ് ഇപ്പോള്‍ അറസ്റ്റ് എന്ന് അറിയുന്നു. ഇതിനിടെ, തുഷാറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും ഉന്നത തലത്തില്‍ നടന്ന് വരുന്നു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച് വന്‍ പരാജയം ഏറ്റുവാങ്ങിയ വ്യക്തിയാണ് തുഷാര്‍. രാഹുലിന് എതിരെ മത്സരിച്ച് തോറ്റെങ്കിലും, എന്‍ ഡി എയുടെ ദേശീയ നേതൃത്വവുമായി മികച്ച ബന്ധമാണ് തുഷാറിന് ഉണ്ടായിരുന്നത്. രണ്ടാമതും പ്രധാനമന്ത്രി പദത്തില്‍ എത്തിയുളള നരേന്ദ്ര മോദിയുടെ, ആദ്യ ഗള്‍ഫ് സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, എന്‍ ഡി എയുടെ ദേശീയ നേതാവ് കൂടിയായ തുഷാറിന്‍റെ അറസ്റ്റ്, ബി ജെ പി – എന്‍ ഡി എ ക്യാമ്പുകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അതിനാല്‍, മോദി എത്തുന്ന വെള്ളിയാഴ്ചയ്ക്ക് (ഓഗസ്റ്റ് 23ന്) മുമ്പ് തുഷാറിനെ ജയില്‍ മോചിതനാക്കാനുള്ള ശ്രമങ്ങളാണ് നടന്ന് വരുന്നത്.