
കളിയിക്കാവിള: വനിതാ സംവരണ ബില്‍ ഭേദഗതി പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാഷ്ട്രീയ നാടകമാണെന്ന് എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. തമിഴ്നാട്ടിലെ വിളവന്‍കോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.ടി. പ്രവീണിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ രാജ്യം വെട്ടിമുറിച്ച് അധികാരം നിലനിര്‍ത്താനുള്ള പ്രധാനമന്ത്രിയുടെ നീക്കം പരാജയപ്പെട്ടെന്നും ആ ജാള്യത മറയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഇന്ത്യക്ക് ആദ്യ വനിതാ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും നല്‍കിയത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിഘടനവാദത്തെ എതിര്‍ക്കുന്ന എം.കെ സ്റ്റാലിന്റെ മണ്ണില്‍ വോട്ട് ചോദിക്കാന്‍ മോദിക്ക് അവകാശമില്ലെന്നും തമിഴ്നാട്ടിലെ സ്ത്രീകള്‍ വോട്ടെടുപ്പ് ദിവസം ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.