Vote Chori| പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിപ്രകടനമായി ബിഹാറിലെ വോട്ടര്‍ അധികാര യാത്ര: സിദ്ധരാമയ്യയും ആനിരാജയും വേദിയില്‍
Jaihind TV News Report
Jaihind TV Web Desk
August 30, 2025
1 min read
•
Updated: June 06, 2026
പാറ്റ്ന: ഭരണഘടന ഉറപ്പുനല്‍കുന്ന വോട്ടവകാശം സംരക്ഷിക്കുന്നതിനുള്ള ബഹുജന മുന്നേറ്റമായി മാറുകയാണ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന വോട്ടര്‍ അധികാര യാത്ര. ബിഹാറിലെ പ്രതിപക്ഷ ശക്തി വിളിച്ചോതുന്ന വന്‍ ജനമുന്നേറ്റമായി ഈ യാത്ര മാറിക്കഴിഞ്ഞു. ആര്‍ജെഡി നേതാവ് തേജസ്വിയാദവിനു പുറമേ INDIA മുന്നണിയിലെ പ്രമുഖ നേതാക്കളും ആയിരക്കണക്കിന് ജനങ്ങളും യാത്രയില്‍ അണിനിരക്കുന്നത് പ്രതിപക്ഷത്തിന്റെ ഐക്യം വിളിച്ചോതുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, വയനാട്ടില്‍ രാഹുലിന് എതിരായി മത്സരിച്ച സിപിഐ നേതാവ് ആനിരാജ തുടങ്ങിയവരും പിന്തുണ പ്രഖ്യാപിച്ച് യാത്രയ്ക്ക് ഒപ്പം ചേര്‍ന്നു.
ഗോപാല്‍ഗഞ്ച് ജില്ലയില്‍ വെച്ച് യാത്രയില്‍ ചേര്‍ന്ന സിദ്ധരാമയ്യയെ മുദ്രാവാക്യങ്ങളുമായി അണികള്‍ ആവേശപൂര്‍വ്വം സ്വീകരിച്ചു. ജനാധിപത്യത്തിനും നീതിക്കും വേണ്ടി ഈ പ്രസ്ഥാനത്തിന്റെ വളരുന്ന ശക്തിയാണ് ജനങ്ങളുടെ വലിയ പങ്കാളിത്തം കാണിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും സംരക്ഷിക്കാനുള്ള ജനങ്ങളുടെ ദൃഢനിശ്ചയമാണ് ഈ വലിയ ജനക്കൂട്ടം തെളിയിക്കുന്നത്. സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.
ഓഗസ്റ്റ് 17-ന് ബിഹാറിലെ സസാരത്തില്‍ ആരംഭിച്ച വോട്ടര്‍ അധികാര യാത്ര 20-ല്‍ അധികം ജില്ലകളിലൂടെ 1,300 കിലോമീറ്റര്‍ സഞ്ചരിക്കും. ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാനും രാജ്യത്തെ ചില വിഭാഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കാനും വ്യവസ്ഥാപിതമായ ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബിഹാറിലെ വോട്ടര്‍ പട്ടികയുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നിര്‍ത്തി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.
കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി (ECI) ഒത്തുചേര്‍ന്ന് 'വോട്ടുകള്‍ മോഷ്ടിച്ച്' ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. 'വോട്ട് ചോരി' എന്ന മുദ്രാവാക്യമാണ് യാത്ര ഉയര്‍ത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ഓരോ പൗരനും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു. ''നരേന്ദ്ര മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ വോട്ടുകള്‍ മോഷ്ടിക്കുന്നത് കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണ്, അതുകൊണ്ടാണ് ബി.ജെ.പി. നേതാക്കള്‍ വിറളി പിടിച്ചു തുടങ്ങിയത്. ഇതൊരു തുടക്കം മാത്രമാണ്,'' ആവേശംകൊള്ളുന്ന ജനക്കൂട്ടത്തോട് അദ്ദേഹം പറഞ്ഞു.
''ബി.ജെ.പി.യുടെടെ നേതാക്കള്‍ക്ക് പരിഭ്രമമുണ്ട്. ഭാവിയില്‍ ഞങ്ങള്‍ അവരെ തുറന്നുകാട്ടും. നരേന്ദ്ര മോദി എന്തു ചെയ്താലും... ബിഹാറില്‍ 'വോട്ട് ചോരി' അനുവദിക്കില്ല,'' രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയില്‍ 1 കോടി വ്യാജ വോട്ടര്‍മാരെ ചേര്‍ത്തു, ഇത് ''തെളിയിക്കപ്പെട്ട വസ്തുതയാണ്'' എന്നും അദ്ദേഹം അവകാശപ്പെട്ടു. ബിഹാറിലെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ദളിതര്‍, പിന്നോക്ക വിഭാഗങ്ങള്‍, പാവപ്പെട്ടവര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെയാണ് ആനുപാതികമല്ലാത്ത രീതിയില്‍ ഒഴിവാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
''വോട്ട് ചെയ്യാനുള്ള അവകാശം ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമുണ്ട് , എന്നാല്‍ മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു, ഇപ്പോള്‍ ആളുകള്‍ ബി.ജെ.പി. നേതാക്കളെ വോട്ട് ചോര്‍ (വോട്ട് കള്ളന്‍) എന്ന് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ജനങ്ങള്‍ അവരെ (എന്‍.ഡി.എ. നേതാക്കളെ) ഒരു പാഠം പഠിപ്പിക്കും. അവര്‍ പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെട്ടു. പ്രധാനമന്ത്രി മോദി നുണ പറയുന്നു... അദ്ദേഹം നുണകളുടെ ഫാക്ടറിയാണ് '' തേജസ്വിയാദവ് പറഞ്ഞു.
2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആനി രാജ വെസ്റ്റ് ചമ്പാരനിലെ ബെട്ടിയയില്‍ മാര്‍ച്ചിനൊപ്പം ചേര്‍ന്നു. വിശാലമായ പ്രതിപക്ഷ സഖ്യത്തിനുള്ള ഒരു വേദിയായി മാറുകയാണ് ഈ യാത്ര
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10