രാജ്യത്തെ തെരുവുനായ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.ജെ. അന്‍ജാരിയാ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണെന്നും ഏതെങ്കിലും ഒരു മൃഗത്തെ ഭയന്ന് ജനങ്ങള്‍ക്ക് വഴിനടക്കാന്‍ പറ്റാത്ത സാഹചര്യം അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ല. തെരുവുനായ്ക്കള്‍ക്കെതിരെ നടപടിയെടുക്കുന്ന മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് ആവശ്യമായ നിയമപരമായ സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ അലഞ്ഞുതിരിയുന്ന നായകളെ അടിയന്തരമായി നീക്കം ചെയ്യണം. ഇവയെ വന്ധ്യംകരണത്തിന് ശേഷം പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റാനാണ് ഉത്തരവ്. എന്നാല്‍, നായകളെ എവിടെ നിന്നാണോ പിടികൂടുന്നത് അവിടെത്തന്നെ തിരിച്ചു വിടണമെന്ന മുന്‍ ഉത്തരവില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.
രാജ്യത്ത് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതിന് പരിഹാരമായി രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു എ.ബി.സി സെന്ററെങ്കിലും സ്ഥാപിക്കണം. ജനസാന്ദ്രതയേറിയ ജില്ലകളില്‍ ഇതിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാം. ഇതിനൊപ്പം എല്ലാ മേഖലകളിലും ആന്റി റാബിസ് വാക്‌സിന്‍ ലഭ്യത ഉറപ്പാക്കണമെന്നും കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ നിയന്ത്രിക്കുന്നതിനൊപ്പം ദേശീയപാതകള്‍, എക്‌സ്പ്രസ് വേകള്‍, മറ്റ് പ്രധാന റോഡുകള്‍ എന്നിവടങ്ങളില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെയും അടിയന്തരമായി നീക്കം ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
മൃഗങ്ങളെ പേടിച്ച് സഞ്ചാരസ്വാതന്ത്ര്യം ഹനിക്കാനാകില്ല; അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് സുപ്രീം കോടതി; മൃഗസ്‌നേഹികള്‍ നല്‍കിയ ഹര്‍ജി തള്ളി