ആരോഗ്യരംഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
May 19, 2024
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞ അവസ്ഥയിലായെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും അവരുടെ ഉറ്റവർക്കും വിശ്വാസം നഷ്ടമായിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള രോഗത്തിനു ചികിത്സ തേടിയെത്തുന്നവർ ഏതു വിധത്തിലാണ് മടങ്ങിപ്പോവുക എന്ന് ഒരു ഉറപ്പുമില്ലാത്ത അവസ്ഥയിലാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക വെച്ച് തുന്നിക്കെട്ടിയ സംഭവവും ശസ്ത്രക്രിയ കഴിഞ്ഞ മറ്റൊരു യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡനത്തിന് ഇരയാക്കിയതുമെല്ലാം ഞെട്ടലോടെയാണ് നമ്മൾ കേട്ടതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കുറ്റവാളിയെ ശിക്ഷിക്കുന്നതിനു പകരം അയാൾക്കു രാഷ്ട്രീയ സംരക്ഷണം നല്‍കുകയാണ് ആരോഗ്യ വകുപ്പ് ചെയ്തത്. ഇയാൾക്കെതിരെ മൊഴി നൽകിയ ഒരു സീനിയർ നഴ്സിംഗ് ഉദ്യോഗസ്ഥയെ അന്യായമായി സ്ഥലം മാറ്റുകയും അതിനെതിരെ അവർ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയിട്ടും തിരികെ നിയമനം നല്‍കിയില്ലെന്നും വീണ്ടും കോടതിയലക്ഷ്യത്തിനു കേസ് നൽകിയപ്പോഴാണ് പുനഃർനിയമനം നൽകിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎം അനുകൂല സർവീസ് സംഘടനാ പ്രവർത്തകർക്ക് എല്ലാ സംരക്ഷണവും ലഭിക്കുന്നതു കൊണ്ടാണ് ഇത്തരം ക്രൂരതകൾ ആവർത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതിയുടെ വയറ്റിൽ അതേ യുവതിയുടെ പാവാട കൊണ്ട് മുറുക്കി കെട്ടി കോഴിക്കോട് മെഡിക്കൽ കോളെജിലേക്കയച്ച സംഭവവും ഉണ്ടായി. ശ്വാസം കിട്ടാതെ ഗർഭസ്ഥ ശിശു മരിച്ചു. കഴിഞ്ഞ ദിവസം കൈയ്ക്ക് പരുക്കുമായി വന്ന പിഞ്ചു കുട്ടിയുടെ നാവിനു ശസ്ത്രക്രിയ നടത്തിയ കെടുകാര്യസ്ഥതക്കുമുണ്ട് നൂറു ന്യായീകരണം. ഡോക്ടർമാർ എന്തിനു അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. ഏറ്റവുമൊടുവിൽ കാലിലിടേണ്ട കമ്പി കൈയിൽ മാറിയിട്ടെന്ന പരാതിയുമായി ഇന്ന് വേറൊരു രോഗിയും ബന്ധുക്കളും രംഗത്തെത്തി. ഇതിന്‍റെ നിജസ്ഥിതി പരിശോധിക്കാതെ തന്നെ രോഗിയെയും ബന്ധുക്കളെയും തള്ളിപ്പറയുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ ചെയ്തത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ഡസനോളം ഗുരുതര ആരോപണങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നു മാത്രം ലഭിച്ചത്. മറ്റു മെഡിക്കൽ കോളേജുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മതിയായ ചികിത്സ ലഭിക്കാതെയും അവഗണക്കപ്പെട്ടും പീഡനങ്ങൾ വരെ സഹിച്ചുമാണ് രോഗികൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ കഴിയുന്നത്. ഇതിനെതിരെ ചെറുവിരലനക്കാൻ പോലും സർക്കാരിനു കഴിയുന്നില്ലെന്നു മാത്രമല്ല, ഇരകളെ കൈവിട്ട് വേട്ടക്കാരനെ സംരക്ഷിക്കുന്ന കിരാതമായ നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മഴക്കാലത്തിനു മുന്നോടിയായി വേനൽ മഴ കനത്തതോടെ സംസ്ഥാന വ്യാപകമായി പകർച്ചപ്പനിയും മറ്റ് രോഗങ്ങളും പെരുകുകയാണ്. ഇതിനെതിരെ ഒരു നടപടിയും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടില്ല. മഴക്കാല പൂർവ ശുചീകരണ പരിപാടികൾ പോലും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുതൽ അവശ്യ മരുന്നുകള്‍ക്കടക്കം കടുത്ത ക്ഷാമം നേരിടുന്നു.
കേരളത്തിലെ മെഡിക്കൽ കോളേജുകളിലടക്കം നേരിടുന്ന ഗുരുതരമായ ചികിത്സാ പിഴവുകൾ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് ദിവസേന പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി, ആരോഗ്യ മേഖലയിലെ കൊടുംകൊള്ളയ്ക്കാണ് അന്നു മറ പിടിച്ചത്. കേരളത്തിലെ സർക്കാർ ആശുപത്രികൾ കെടുകാര്യസ്ഥതയുടെ പര്യായമായിട്ടും മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് ഈ കെടുകാര്യസ്ഥതയ്ക്കു തന്‍റെ കൂടി മൗനസമ്മതമുണ്ടെന്നു സമ്മതിക്കുന്നതിനു തുല്യമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10