രാജ്യത്ത് വോട്ട് കൊള്ള നടത്തുന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറാണെന്നും അതിന് രൂപം നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണെന്നും രാഹുൽ ഗാന്ധി . ഇന്ത്യയിൽ വോട്ട് മോഷണത്തിലൂടെ ഭരണഘടനയ്ക്കെതിരായ വലിയ ആക്രമണമാണ് നടക്കുന്നത്. നിയമനടപടി ഉണ്ടാകുമോ എന്ന ഭയമാണ് മോദിക്കും അമിത് ഷായ്ക്കുമുള്ളതെന്നും, എത്ര സൈനിക ശക്തി ഉപയോഗിച്ചാലും രാജ്യത്തെ ജനാധിപത്യത്തെ തകർക്കാൻ അവർക്കാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഗോവയിൽ നടന്ന 'ഗോയ് രാഖോൺ യാത്ര'യുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും കോൺഗ്രസിന്റെ വലിയ ഉത്തരവാദിത്തമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ കാവൽക്കാരും സംരക്ഷകരുമെന്ന നിലയിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് പാർട്ടിയുടെ പവിത്രമായ കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വോട്ട് മോഷണ ശ്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വോട്ട് കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നു എന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐ (NSUI) ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി