കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ രണ്ട് സ്പാ ജീവനക്കാർ അറസ്റ്റിലായി. ആലപ്പുഴ സ്വദേശി സജത്ത്, പൂവാർ സ്വദേശി നിഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്നാണ് മാസങ്ങൾക്ക് മുൻപ് കോവളത്ത് എത്തിച്ചത്.
തുടർന്ന് പെൺകുട്ടിയെ രണ്ടു സ്പാകളിലായി ജോലിക്ക് നിർത്തി നിരവധി തവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ നിഷാദിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് സ്പാ പ്രവർത്തിച്ചിരുന്നത് ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ബിനാമി പേരിലാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറാണ് ഈ ഉദ്യോഗസ്ഥൻ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ