രാജ്യത്തെ യുവാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെയും പ്രക്രിയകളെയും ചോദ്യം ചെയ്യുന്നത് ശക്തവും ഊർജസ്വലവുമായ ജനാധിപത്യത്തിന്റെ ലക്ഷണമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ജൂഡീഷ്യറിയും ഇതിൽ നിന്ന് വ്യത്യസ്തമല്ലെന്നും, ഇത്തരത്തിലുള്ള ചോദ്യം ചെയ്യലുകളിലൂടെ മാത്രമേ ഭരണഘടനാ സ്ഥാപനങ്ങൾക്ക് കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും കൈവരിക്കാൻ സാധിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവാക്കൾ രാജ്യത്തിന്റെ ഭാവി മാത്രമല്ല, വർത്തമാനകാലത്തെ സജീവ പങ്കാളികൾ കൂടിയാണ്. അതിനാൽ അവരുടെ ആശങ്കകൾ കേൾക്കാൻ സമൂഹം തയ്യാറാകണം. വിയോജിപ്പുകളെ ഒരിക്കലും ഒരു ഭീഷണിയായി കാണരുതെന്നും ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ 34-ാമത് ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കവേ ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മാറ്റങ്ങൾ ആവശ്യപ്പെടുമ്പോഴും വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും ഭരണഘടനാപരമായ തത്ത്വങ്ങളും നിയമവാഴ്ചയും പാലിക്കാൻ യുവതലമുറ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമവിദ്യാഭ്യാസം കേവലം അക്കാദമിക് പഠനത്തിലോ ക്രിമിനൽ-ഭരണഘടനാ നിയമങ്ങൾ മനസിലാക്കുന്നതിലോ മാത്രം ഒതുങ്ങരുത്. വ്യത്യസ്ത വീക്ഷണങ്ങളെ ഉൾക്കൊള്ളാനും സമൂഹത്തെ സേവിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാവണം അതിന്റെ യഥാർത്ഥ ലക്ഷ്യം. നമ്മളിൽ നിന്ന് വ്യത്യസ്തമായി ലോകത്തെ വീക്ഷിക്കുന്നവരെ കണ്ടുമുട്ടുന്ന അനുഭവമുണ്ടാകുകയാണ് നിയമപഠനത്തിൽ ഏറ്റവും പ്രധാനം.
ധൈര്യവും സത്യസന്ധതയും കേൾക്കപ്പെടാതെ പോകുന്ന ശബ്ദങ്ങൾ ശ്രദ്ധിക്കാനുള്ള കഴിവും നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അത്യന്താപേക്ഷിതമാണ്. നീതിക്കുവേണ്ടി നിലകൊള്ളാനുള്ള ധൈര്യവും അവഗണിക്കപ്പെടുന്നവരുടെ ആശങ്കകൾ കേൾക്കാനുള്ള വിനയവും നിയമമേഖല എപ്പോഴും ആവശ്യപ്പെടുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു.
"വിയോജിപ്പുകൾ ഭീഷണിയല്ല": ഭരണഘടനാ സ്ഥാപനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ യുവാക്കൾ മുന്നോട്ട് വരണമെന്ന് ചീഫ് ജസ്റ്റിസ്