മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജന്തർ മന്തറിലേക്ക് നടന്ന പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് ബാരിക്കേഡുകൾക്ക് മുകളിൽ കയറി വിദ്യാർഥികൾ പ്രതിഷേധിച്ചു. ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ മുറിവാണ് ഗ്യാനേഷ് കുമാറെന്നും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനാധിപത്യത്തിന് ഒരു വിലയും നൽകാത്ത ഇലക്ഷൻ കമ്മിഷണറെ എന്തിനാണ് സംരക്ഷിക്കുന്നതെന്നും പ്രതിഷേധക്കാർ ചോദിച്ചു.
എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖർ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് വിവിധ പ്രതിഷേധങ്ങൾ ശക്തമായിരുന്നെങ്കിലും ഞായറാഴ്ച മറ്റു കൂട്ടായ്മകൾ പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ എൻ.എസ്.യു.ഐ ഈ സമരങ്ങളിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്ന നിലപാടിലാണ് ജന്തർ മന്തറിൽ പ്രതിഷേധവുമായി എത്തിയത്.
ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ