ന്യൂസിലന്ഡ് പര്യടനത്തിലെ ടെസ്റ്റ്, ഏകദിന പരമ്പരകള്ക്കുള്ള 16 അംഗ ഇന്ത്യന് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളര്മാരായ അകാശ് ദീപ്, അന്ഷുല് കാംബോജ് എന്നിവര് ടെസ്റ്റ് ടീമില് തിരിച്ചെത്തിയതാണ് പ്രധാന ശ്രദ്ധാകേന്ദ്രം. എന്നാൽ ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്ന വെറ്ററന് പേസര് മുഹമ്മദ് ഷമിയെ ഒരു ടീമിലേക്കും പരിഗണിച്ചില്ല എന്നത് കായികലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
യുവതാരം ശുഭ്മാന് ഗില്ലാണ് ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ നയിക്കുന്നത്. ന്യൂസിലന്ഡില് അഞ്ച് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് പോരാട്ടങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളില് ഗില് നായകനാകുമ്പോള്, അവസാന രണ്ട് മത്സരങ്ങളില് ശ്രേയസ് അയ്യരായിരിക്കും ഏകദിന ടീമിനെ നയിക്കുക.
ഗില്ലിനു പുറമെ പ്രമുഖ താരം കെ.എല്. രാഹുലും അവസാന രണ്ട് ഏകദിന മത്സരങ്ങളിൽ കളിക്കില്ല. അവസാന രണ്ട് മത്സരങ്ങളിൽ രാഹുലിന്റെ വിക്കറ്റ് കീപ്പര് സ്ഥാനം ഇഷാന് കിഷന് വഹിക്കുന്നതിനോടൊപ്പം, ടീമിന്റെ വൈസ് ക്യാപ്റ്റനായും ഇഷാൻ പ്രവർത്തിക്കും. പ്രീമിയം പേസര് ജസ്പ്രിത് ബുംറ ടെസ്റ്റ് മത്സരങ്ങളില് മാത്രമാണ് കളിക്കുക. അതേസമയം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രസിദ്ധ് കൃഷ്ണ, ഋഷഭ് പന്ത് എന്നിവർക്ക് പരമ്പരയ്ക്ക് മുൻപായി ഫിറ്റ്നസ് തെളിയിക്കേണ്ടതുണ്ട്.
അവസാന രണ്ട് ഏകദിന മത്സരങ്ങൾക്കായി യഷ് ഠാക്കൂർ, അക്വിബ് നബി എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അൻഷുൽ കാംബോജാണ് ആദ്യ മൂന്ന് ഏകദിനങ്ങളിൽ പേസ് നിരക്ക് കരുത്തേകുക. അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഏകദിന ടീമിലേക്ക് ഇടംപിടിച്ച കുമാർ കുശാഗ്രയ്ക്ക് ഇത് ഇന്ത്യൻ ഏകദിന നിരയിലേക്കുള്ള കന്നി വിളിയാണ്.
ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു