മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിനിടയിൽ എൻഎസ്യുഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ ഡൽഹി പൊലീസ് അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. സ്ഥലത്ത് നടന്നത് അമിത് ഷായുടെ പൊലീസിന്റെ നരനായാട്ടാണെന്നും ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിക്രമം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേരളത്തിലും രാജസ്ഥാനിലും കോടതികളിലും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലാത്തികൊണ്ട് എല്ലുകൾ ഒടിക്കാമെങ്കിലും ജനങ്ങളുടെ സത്യാഗ്രഹ വീര്യത്തെ തകർക്കാനാകില്ലെന്നും, ജനാധിപത്യത്തിനായി പോരാടുന്ന രാജ്യത്തെ യുവതയ്ക്കൊപ്പം എന്നും ഉറച്ചുനിൽക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരത്തിനിടെയുണ്ടായ പൊലീസ് മർദ്ദനത്തിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് പരാതിക്കാരായ എൻഎസ്യുഐ പ്രവർത്തകർ കഴിഞ്ഞ ദിവസം ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു. സ്റ്റേഷനിൽ പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടാവുകയും, തുടർന്ന് പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. 24 മണിക്കൂറിനകം കേസെടുക്കുമെന്ന് മുൻപ് നൽകിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് പരാതിക്കാർ വീണ്ടും സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചത്. സമാധാനപരമായ സമരത്തിനിടെയാണ് പൊലീസ് പ്രവർത്തകരെ വലിച്ചിഴച്ച് സംഘർഷം സൃഷ്ടിച്ചത്.
കൊണാട്ട് പ്ലേസിലെ മിന്നൽ പ്രതിഷേധത്തിനിടെ ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർത്ഥിനിയായ ആതിരയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചിരുന്നു. വാഹനത്തിലും സ്റ്റേഷനിലും വെച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആതിരയുടെ പരാതി. ദേഹമാസകലം പരിക്കേറ്റ വിദ്യാർത്ഥിനി പിന്നീട് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.
എൻഎസ്യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധി