തിരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ പരാജയം വിലയിരുത്താൻ ചേർന്ന സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവും വാക്കേറ്റവും. പാർട്ടി വിട്ട് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന് പാർട്ടിക്കുള്ളിലെ പ്രമുഖ നേതാക്കൾ തന്നെ വോട്ട് ചോർത്തി നൽകിയെന്ന് യോഗത്തിൽ അംഗങ്ങൾ ആരോപിച്ചു. കുഞ്ഞികൃഷ്ണനെ സഹായിക്കാനായി ചില നേതാക്കൾ രാത്രികാലങ്ങളിൽ രഹസ്യ പ്രചാരണം നടത്തിയെന്നും, ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വോട്ട് ചോർത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഒരു അംഗം ആരോപിച്ചതോടെ യോഗത്തിൽ കടുത്ത വാക്കേറ്റമുണ്ടായി. സിപിഎമ്മിനെ എന്നും കൈപിടിച്ചുയർത്തിയ ചരിത്രമുള്ള പയ്യന്നൂരിലുണ്ടായ ഈ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്നും ആവശ്യമുയർന്നു.
പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതരമായ ആരോപണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചതായി യോഗം വിലയിരുത്തി. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവരില്ലെന്ന് ജില്ലാ നേതാക്കൾ തന്നെ നിലപാടെടുത്തതോടെ, പാർട്ടി സ്ഥാനാർത്ഥി തോറ്റുകാണാൻ പ്രവർത്തകരും അനുഭാവികളും ആഗ്രഹിക്കുന്ന സാഹചര്യമുണ്ടായി. രക്തസാക്ഷി ഫണ്ട് 'കട്ടു' എന്ന പ്രചാരണം ജനങ്ങൾക്കിടയിൽ ശക്തമായതോടെ ആർക്കാണ് വോട്ട് ചെയ്യാൻ തോന്നുകയെന്ന ചോദ്യവും യോഗത്തിൽ ഉയർന്നു. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ കൃത്യമായി പരിശോധിക്കുന്നതിന് പകരം അദ്ദേഹത്തെ അപമാനിക്കാനും വിലകുറച്ചു കാണാനുമാണ് നേതൃത്വം ശ്രമിച്ചത്. കുഞ്ഞികൃഷ്ണൻ നിസ്സാരനായിരിക്കാം, പക്ഷേ അദ്ദേഹം ഉയർത്തിയ വാദങ്ങൾ പാർട്ടി അംഗങ്ങളെപ്പോലും സ്വാധീനിച്ചുവെന്നും ഇത് പരമ്പരാഗത വോട്ടുകൾ ചോരാൻ കാരണമായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പരാജയത്തിന് കാരണക്കാരായ നേതാക്കളുടെ പങ്ക് അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ വെക്കണമെന്നും ആവശ്യമുയർന്നു.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും സംസ്ഥാന നേതൃത്വത്തിന്റെ ശൈലിയും പരാജയത്തിന്റെ ആക്കം കൂട്ടിയതായി യോഗത്തിൽ വിമർശനമുണ്ടായി. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാന നേതൃത്വത്തിന് ഗുരുതരമായ പരാജയം പറ്റി. പി.കെ. ശ്യാമളയെയും ടി.ഐ. മധുസൂദനനെയും സ്ഥാനാർത്ഥികളാക്കിയത് ജനങ്ങൾക്കിടയിൽ പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കി. പാർട്ടി ചിഹ്നമുണ്ടെങ്കിൽ അണികൾ കണ്ണടച്ച് വോട്ട് ചെയ്യുമെന്ന അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഈ പരിഹാസ്യമായ തോൽവി. സ്ഥാനാർത്ഥി ആരാണെന്നത് പരമപ്രധാനമാണെന്ന് നേതൃത്വം തിരിച്ചറിയണം. മുഖ്യമന്ത്രി പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെയും യോഗത്തിൽ കടുത്ത വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ അമിത സുരക്ഷയും ശൈലിയും അദ്ദേഹത്തെ ജനങ്ങളിൽ നിന്ന് ഏറെ അകറ്റിയതായി അംഗങ്ങൾ കുറ്റപ്പെടുത്തി.
എന്തുവന്നാലും ജയിക്കുമെന്ന നേതൃത്വത്തിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണ് പയ്യന്നൂരിലെ തോൽവിയെന്ന് അംഗങ്ങൾ തുറന്നടിച്ചു. ഈ പരാജയം പാർട്ടിക്കാകെ വലിയ നാണക്കേടുണ്ടാക്കി. പാർട്ടിയുടെ പാരമ്പര്യത്തിൽ എന്നും അഭിമാനിച്ചിരുന്ന അണികൾക്ക് ഇപ്പോൾ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണെന്നും, ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ പാർട്ടി തകരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. സംസ്ഥാന സമിതി അംഗം എ. പ്രദീപ് കുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ, എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ അംഗങ്ങൾ പൊട്ടിത്തെറിച്ചത്.