Logo
Sun, Jun 07, 2026 • 06:18 PM
LIVE TV
Watch

No business videos available

No Middle East videos available

CENSUS| 2027ല്‍ അടുത്ത സെന്‍സസ്; ആദ്യമായി ജാതി തിരിച്ചുള്ള കണക്കെടുപ്പും; മണ്ഡല പുനര്‍നിര്‍ണയത്തിനും സാധ്യത; വിജ്ഞാപനം ഉടന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 04, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

CENSUS| 2027ല്‍ അടുത്ത സെന്‍സസ്; ആദ്യമായി ജാതി തിരിച്ചുള്ള കണക്കെടുപ്പും; മണ്ഡല പുനര്‍നിര്‍ണയത്തിനും സാധ്യത; വിജ്ഞാപനം ഉടന്‍
ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത സെന്‍സസ് 2027-ല്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ചരിത്രത്തിലാദ്യമായി ജാതി തിരിച്ചുള്ള കണക്കെടുപ്പും ഇത്തവണ സെന്‍സസിന്റെ ഭാഗമാകുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രഖ്യാപനത്തില്‍ പറയുന്നു. വിജ്ഞാപനമനുസരിച്ച്, രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടക്കുക. 2027 മാര്‍ച്ച് 1 ആയിരിക്കും പ്രധാന റഫറന്‍സ് തീയതി. എന്നാല്‍, ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളില്‍ 2026 ഒക്ടോബര്‍ 1 റഫറന്‍സ് തീയതിയായി നേരത്തെ സെന്‍സസ് നടത്തും. ജാതി സെന്‍സസ് ഉള്‍പ്പെടെ 2027-ലെ സെന്‍സസ് നടത്താനുള്ള ഔദ്യോഗിക വിജ്ഞാപനം 2025 ജൂണ്‍ 16-ന് ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1948-ലെ സെന്‍സസ് നിയമപ്രകാരവും 1990-ലെ സെന്‍സസ് ചട്ടങ്ങള്‍ അനുസരിച്ചും ഓരോ പത്തുവര്‍ഷം കൂടുമ്പോഴും നടത്തുന്ന ദേശീയ സെന്‍സസില്‍ ആദ്യമായാണ് ജാതി തിരിച്ചുള്ള കണക്കെടുപ്പ് ഉള്‍പ്പെടുത്തുന്നത്. നയരൂപീകരണത്തിനും ക്ഷേമപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും ജാതി സെന്‍സസ് വേണമെന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെയും സംസ്ഥാനങ്ങളുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ്. അവസാനമായി സെന്‍സസ് നടന്നത് 2011-ലാണ്. അന്ന് 121 കോടിയിലധികം ജനസംഖ്യയും 17.7 ശതമാനം വളര്‍ച്ചാ നിരക്കുമാണ് രേഖപ്പെടുത്തിയത്. 2021-ല്‍ നടത്താനിരുന്ന സെന്‍സസ് കോവിഡ് മഹാമാരി കാരണം മാറ്റിവയ്ക്കുകയായിരുന്നു. ഇതിനായുള്ള ആദ്യഘട്ട ഒരുക്കങ്ങള്‍ പരിശീലനം, ഫീല്‍ഡ് വര്‍ക്ക് ലോജിസ്റ്റിക്‌സ് എന്നിവ ഉള്‍പ്പെടെ പൂര്‍ത്തിയായിരുന്നു. 2020 ഏപ്രിലില്‍ വിവരശേഖരണം ആരംഭിക്കാനിരിക്കെയാണ് രാജ്യം ലോക്ക്ഡൗണിലേക്ക് പോയത്. പുതിയ പ്രഖ്യാപനത്തോടെ, ഒരു ദശാബ്ദത്തിലേറെയായി മുടങ്ങിക്കിടന്ന വലിയൊരു ദൗത്യത്തിനാണ് 2027-ല്‍ ഇന്ത്യ തുടക്കമിടുന്നത്. സെന്‍സസിന് ശേഷം മണ്ഡല പുനര്‍നിര്‍ണയം? 2027-ലെ സെന്‍സസ് പൂര്‍ത്തിയായാല്‍, പുതിയ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തില്‍ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയവും (ഡിലിമിറ്റേഷന്‍) നടന്നേക്കും. ലളിതമായി പറഞ്ഞാല്‍, ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകള്‍ക്കനുസരിച്ച് പാര്‍ലമെന്ററി, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും അതിര്‍ത്തികളും പുതുക്കുന്ന പ്രക്രിയയാണ് ഡിലിമിറ്റേഷന്‍. ഭരണഘടനയനുസരിച്ച് ഓരോ സെന്‍സസിന് ശേഷവും ഇന്ത്യ ഈ നടപടി സ്വീകരിക്കാറുണ്ട്. എന്നാല്‍ 1976 മുതല്‍ സീറ്റുകളുടെ ഈ പുനര്‍വിന്യാസം നിര്‍ത്തിവച്ചിരിക്കുകയാണ്.2001-ലെ സെന്‍സസിന് ശേഷം മണ്ഡലങ്ങളുടെ അതിര്‍ത്തികളും പട്ടികജാതി-വര്‍ഗ സംവരണ സീറ്റുകളുടെ എണ്ണവും പുതുക്കിയെങ്കിലും ആകെ സീറ്റുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടായില്ല. ഇപ്പോള്‍, 2026-ല്‍ മരവിപ്പിക്കല്‍ അവസാനിക്കാനിരിക്കെയും 2027-ല്‍ സെന്‍സസ് നടക്കാനിരിക്കെയും സമ്പൂര്‍ണ്ണമായ ഒരു മണ്ഡല പുനര്‍നിര്‍ണയത്തിന് കളമൊരുങ്ങുകയാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10