Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'എനിക്കറിയില്ല, മറുപടി പറയേണ്ടത് കെല്‍ട്രോണ്‍'; രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ ഉരുണ്ടുകളിച്ച് ഗതാഗത മന്ത്രി

'എനിക്കറിയില്ല, മറുപടി പറയേണ്ടത് കെല്‍ട്രോണ്‍'; രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ ഉരുണ്ടുകളിച്ച് ഗതാഗത മന്ത്രി
  തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയിലെ ദുരൂഹതകള്‍ സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് വ്യക്തമായ മറുപടി പറയാതെ ഉരുണ്ടുകളിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. രമേശ് ചെന്നിത്തലയുടെ ആരോപണത്തിൽ മറുപടി പറയേണ്ടത് കെൽട്രോൺ ആണെന്നും താനല്ലെന്നും മന്ത്രി ആന്‍റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. താൻ മന്ത്രിയാകുന്നതിനു മുമ്പാണ് ഇതുസംബന്ധിച്ച കരാർ ഉറപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. "ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചും പറയേണ്ടത് പദ്ധതി തയ്യാറാക്കിയ കെല്‍ട്രോണ്‍ ആണ്. പദ്ധതി തയാറാക്കിയത് മോട്ടോര്‍ വാഹനവകുപ്പല്ല, കെല്‍ട്രോണാണ്. 2018 ല്‍ ആണ് പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിക്കുന്നത്. 2021 ല്‍ ആണ് ഞാന്‍ മന്ത്രിയായത്. അതിനു മുമ്പുതന്നെ ഈ പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞിരുന്നു"- ആന്‍റണി രാജു പറഞ്ഞു. ക്യാമറയുടെ വിലയേക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും മോട്ടോര്‍ വാഹനവകുപ്പിന് അറിയില്ല. അതുകൊണ്ടാണ് അത് അറിയുന്ന കെല്‍ട്രോണിനെ പദ്ധതി ഏല്‍പിച്ചത്. പദ്ധതിയില്‍ സുതാര്യതക്കുറവുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടതും കെല്‍ട്രോണ്‍ ആണ്.  ഇതുസംബന്ധിച്ച് കെൽട്രോൺ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എഐ ക്യാമറകള്‍ സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് രമേശ് ചെന്നിത്ത ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാരിന്‍റെ സേഫ് കേരള പദ്ധതിയിലെ അഴിമതി സംബന്ധിച്ച രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു. എഐ പദ്ധതിയുടെ പേരില്‍ റോഡുകളിൽ ക്യാമറ സ്ഥാപിക്കുന്നതിന് കെൽട്രോണും സ്വകാര്യ കമ്പനികളും ചേർന്ന് 75 കോടി രൂപക്ക് കരാർ ഉണ്ടായിരുന്നതായി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് 232 കോടി രൂപയായി മാറിയതിന് പിന്നിൽ വൻ കൊള്ള നടന്നതായും അദ്ദേഹം തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. കെൽട്രോണും സ്വകാര്യ കമ്പനികളും ചേർന്നുള്ള കരാർ രേഖകളാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. കെൽട്രോണിനെ സർക്കാർ പദ്ധതി ഏൽപ്പിച്ചപ്പോൾ ബംഗളുരു ആസ്ഥാനമായുള്ള എസ്ആർഐടിക്ക് (SRIT) അവർ കൈമാറി. ഇക്കാര്യത്തിലെ ടെണ്ടർ നടപടികൾ അവ്യക്തമാണ്. 151.22 കോടിക്കായിരുന്നു ഈ കരാർ. എസ്ആർഐടി ഇത് വീണ്ടും രണ്ട് കമ്പനികൾക്ക് വീതിച്ചു കൊടുത്തു. തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റർ ലൈറ്റ്നിംഗ് ഇന്ത്യ ലിമിറ്റഡ് കോഴിക്കോട്ടെ പ്രിസാദിയോ എന്നീ കമ്പനികളെയാണ് ഏൽപ്പിച്ചത്. 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നും 30 ശതമാനം ലൈറ്റ് മാസ്റ്റർക്കും 60 ശതമാനം പ്രിസാദിയോയ്ക്കും കൊടുക്കാമെന്നും തീരുമാനമായി. എന്നാൽ ലൈറ്റ് മാസ്റ്റർ പദ്ധതിയിൽ നിന്ന് പിന്മാറിയതായി അറിയാൻ കഴിഞ്ഞു. ഇവ തട്ടിക്കൂട്ട് കമ്പനികളാണെന്ന് അറിയാൻ കഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ പ്രഖ്യാപന പ്രകാരം 232 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. 75 കോടിയിൽ നിന്ന് 232 കോടിയായത് എങ്ങനെയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകളെന്ന് ഇതിനെ പറയാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഎന്‍പിആർ (ANPR) ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷന്‍ സിസ്റ്റം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ സർക്കാർ തയാറായിട്ടില്ല. അഴിമതി സംബന്ധിച്ചുള്ള എല്ലാ രേഖകളും കയ്യിലുണ്ട്. പദ്ധതിയുടെ എല്ലാ വിവരങ്ങളും സർക്കാർ പുറത്തുവിടണമെന്നും ഇല്ലെങ്കിൽ താൻ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in