'പരാജയങ്ങളുടെ ഭാരം ജനങ്ങളുടെ തലയിൽ'; ഇന്ധനവില വർദ്ധനവിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ
പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെ മറവിൽ, തങ്ങളുടെ നയപരമായ പരാജയങ്ങളുടെ ഭാരം മുഴുവൻ സാധാരണക്കാരായ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊതുമേഖലാ എണ്ണക്കമ്പനികൾ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയും ഇന്ധനവില വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ രാഷ്ട്രീയ വിമർശനം ഉയർന്നത്.
സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചുള്ള മുൻകാല ഉറപ്പുകളും സന്ദേശങ്ങളും കാറ്റിൽപ്പറത്തിയാണ് സർക്കാർ ഇന്ധനവില അടിക്കടി കൂട്ടുന്നതെന്ന് മല്ലികാർജുൻ ഖാർഗെ തന്റെ എക്സ് (X) ഹാൻഡിലിലൂടെ ആരോപിച്ചു. "കഴിഞ്ഞ തവണ വില വർദ്ധിപ്പിച്ചിട്ട് കഷ്ടിച്ച് നാല് ദിവസമേ ആയിട്ടുള്ളൂ, അതിനിടയിൽ മോദി സർക്കാർ വീണ്ടും പെട്രോൾ, ഡീസൽ വില കൂട്ടിയിരിക്കുന്നു. വലിയ പ്രസംഗങ്ങളും മിതവ്യയത്തെക്കുറിച്ചുള്ള ഉപദേശങ്ങളും നൽകി കളം ഒരുക്കിയ ശേഷം, സ്വന്തം പരാജയങ്ങളുടെ ഭാരം പൊതുജനങ്ങളുടെ തലയിലേക്ക് മാറ്റുന്ന പ്രക്രിയ ഇപ്പോൾ പൂർണ്ണതോതിൽ നടക്കുകയാണ്," ഖാർഗെ കുറിച്ചു.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെയും വിദേശനയ സമീപനങ്ങളെയും, പ്രത്യേകിച്ച് റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിനെയും മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഖാർഗെ രൂക്ഷമായി ലക്ഷ്യമിട്ടു. "സ്വയം 'വിശ്വഗുരു' എന്ന് വ്യാജമായി അവകാശപ്പെടുന്ന മിസ്റ്റർ മോദിക്ക്, റഷ്യൻ എണ്ണ വാങ്ങാനുള്ള അനുമതി കേവലം ഒരു മാസത്തേക്ക് കൂടി നീട്ടിക്കിട്ടാൻ വേണ്ടി മാത്രം അമേരിക്കയ്ക്ക് മുന്നിൽ കെഞ്ചേണ്ടി വന്നിരിക്കുകയാണ്. ഇത് ആവർത്തിക്കുന്നതിലൂടെ അദ്ദേഹം 140 കോടി ഇന്ത്യക്കാരുടെ ആത്മാഭിമാനത്തെയാണ് മുറിവേൽപ്പിക്കുന്നത്. മുൻപൊരു സർക്കാരും ഇത്തരമൊരു നടപടിയിലേക്ക് കടന്നിട്ടില്ല," ഖാർഗെ അവകാശപ്പെട്ടു. എണ്ണ ഇറക്കുമതി ചെയ്യാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാർ വാദമെങ്കിൽ, പിന്നെന്തിനാണ് പെട്രോൾ-ഡീസൽ വിലയുടെ ഭാരം ഇപ്പോഴും സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി.
ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിന് സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ദീർഘവീക്ഷണമോ നേതൃപാടവമോ ഇല്ലെന്നും, പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പകരം അവർ തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ കുറ്റപ്പെടുത്തി. വിദേശങ്ങളിൽ സ്പോൺസേഡ് പി.ആർ ക്യാമ്പയിനുകൾ നടത്തിയത് കൊണ്ട് മാത്രം ആരും 'വിശ്വഗുരു' ആകില്ലെന്നും പൊതുജനങ്ങളോട് ഉത്തരവാദിത്തം കാണിക്കാൻ മോദി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പൊതുപരിപാടികളെയും അഭിമുഖങ്ങളെയും പരിഹസിച്ച ഖാർഗെ, ജനങ്ങൾക്ക് വേണ്ടത് നിസ്സാര കാര്യങ്ങളല്ല, മറിച്ച് സാമ്പത്തിക ഭാരം കുറയ്ക്കാൻ സർക്കാർ എന്ത് ചെയ്യുന്നു എന്നതിനുള്ള കൃത്യമായ മറുപടിയാണെന്ന് വ്യക്തമാക്കി. "നിങ്ങൾ എങ്ങനെ മാമ്പഴം തിന്നുന്നു, ഏത് ടോണിക് കുടിക്കുന്നു എന്നതിലൊന്നും പൊതുജനങ്ങൾക്ക് താൽപ്പര്യമില്ല. ഈ പ്രതിസന്ധി പരിഹരിക്കാൻ നിങ്ങൾ വ്യക്തിപരമായി എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയാൽ മാത്രമേ നിങ്ങളെ യഥാർത്ഥ 'പ്രധാന സേവകൻ' എന്ന് വിളിക്കാൻ പറ്റു, അല്ലാത്തപക്ഷം നിങ്ങൾ വെറുമൊരു 'പ്രചാരകൻ' മാത്രമായി തുടരും," ഖാർഗെ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.