Logo
Mon, Jun 08, 2026 • 06:54 AM
LIVE TV
Watch

No business videos available

No Middle East videos available

സർവത്ര ആശയക്കുഴപ്പം, ബോധവത്ക്കരണം ഇല്ലാതെയുള്ള ട്രാഫിക് പരിഷ്‌കാരം ജനങ്ങളെ കുത്തിപ്പിഴിയാന്‍; മാറ്റിവെക്കണമെന്ന് കെ സുധാകരന്‍ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 19, 2023
1 min read Updated: June 06, 2026
SHARE:
SAVE: Login to save

സർവത്ര ആശയക്കുഴപ്പം, ബോധവത്ക്കരണം ഇല്ലാതെയുള്ള ട്രാഫിക് പരിഷ്‌കാരം ജനങ്ങളെ കുത്തിപ്പിഴിയാന്‍; മാറ്റിവെക്കണമെന്ന് കെ സുധാകരന്‍ എംപി
  തിരുവനന്തപുരം: ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്ക്കരണവും നടത്താതെ മുക്കിലും മൂലയിലും ക്യാമറകള്‍ സ്ഥാപിച്ച് നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം ജനങ്ങളെ കുത്തിപ്പിഴിയാന്‍ വേണ്ടിയാണെന്നും ഇത് മാറ്റിവെക്കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിന് പകരം എങ്ങനെയും വാഹന ഉടമകളെ കുഴിയില്‍ച്ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. കളമെഴുത്തുപോലെ റോഡുകളില്‍ വരച്ചുവച്ചിരിക്കുന്ന കോലങ്ങള്‍, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനില്‍ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കോടികള്‍ മാധ്യമങ്ങളിലൂടെ ചെലവഴിക്കുന്നതില്‍ ഒരു പങ്ക് ട്രാഫിക് ബോധവത്കരണത്തിനുവേണ്ടി അടിയന്തരമായി മാറ്റിവെക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്നും കെ സുധാകരന്‍ എംപി പറഞ്ഞു. സംസ്ഥാനത്ത് പ്രവര്‍ത്തനനിരതമാകുന്ന 726 അത്യാധുനിക എഐ ക്യാമറകള്‍ ഉപയോഗിച്ച് ആയിരം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ വണ്ടിയെടുത്തു പുറത്തുപോകുന്നവരൊക്കെ എല്ലാ ദിവസവും പിഴ അടയ്ക്കേണ്ടി വരും. ജനരോഷത്തിനു മുന്നില്‍ സര്‍ക്കാരിനു തന്നെ പദ്ധതിയില്‍നിന്ന് പിന്മാറേണ്ടി വരും. നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞു നില്‍ക്കുന്ന സാധാരണക്കാരന് ഈ പീഡനം സഹിക്കാവുന്നതിലപ്പുറമാണെന്നും കെ സുധാകരന്‍ എംപി പറഞ്ഞു. വേഗപരിധിയുടെ കാര്യത്തില്‍ സമ്പൂര്‍ണ്ണ ആശയക്കുഴപ്പമുണ്ട്. ദേശീയപാതകളിലെ വേഗപരിധി സംബന്ധിച്ച് കേന്ദ്രഗതാഗത മന്ത്രാലയത്തിന്‍റെ 2018 ലെ വിജ്ഞാപന പ്രകാരം ഒരു നിരക്കും സംസ്ഥാന സര്‍ക്കാരിന്‍റെ 2014 ലെ വിജ്ഞാപന പ്രകാരം മറ്റൊരു നിരക്കുമാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ നിരക്ക് കേന്ദ്രത്തിന്‍റേതിനു തുല്യമാക്കണമെന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്. ഇത്തരം ആശയക്കുഴപ്പം വ്യാപകമായി നിലനില്‍ക്കുമ്പോള്‍ വേഗപരിധി സംബന്ധിച്ച് ആവശ്യത്തിന് സൈന്‍ ബോര്‍ഡുകള്‍ പോലും ഇല്ലാത്തത് യാത്രക്കാരെ മനഃപൂര്‍വം കുടുക്കാനാണെന്നു സംശയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കാതെയാണ് ആ വകയിലും സര്‍ക്കാര്‍ പിഴ ഈടാക്കുന്നത്. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റകൃത്യത്തിന് തുടര്‍യാത്രയില്‍ മറ്റൊരു ക്യാമറ രേഖപ്പെടുത്തിയാലും വീണ്ടും പിഴയൊടുക്കേണ്ട സാഹചര്യം വിചിത്രമാണ്. എഐ ക്യാമറകണ്ണുകളില്‍നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിഐപികളെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലെ ഏറ്റവും വലിയ ഗതാഗത നിയമലംഘകള്‍ ഇത്തരക്കാരാണെന്നും അവരെ ഒരു കാരണവശാലും ഒഴിവാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡുകളില്‍ നെടുകെയും കുറുകെയുമുള്ള നിരവധി വരകളുടെ അര്‍ത്ഥതലങ്ങള്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല. ഇത്തരം സാങ്കേതികമായ പിഴവുകള്‍ തിരുത്തിയ ശേഷം നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരത്തോട് പൂര്‍ണയോജിപ്പാണുള്ളതെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10