പൊട്ടിക്കല്‍ സംഘത്തിന്‍റെ 'ബോസ്' ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ്? ജയിലില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി വീഡിയോ കോള്‍
Jaihind TV News Report
Jaihind TV Web Desk
July 11, 2021
1 min read
•
Updated: June 10, 2026
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മറ്റൊരു പ്രതിക്ക് കൂടി സ്വർണ്ണക്കടത്തുമായി ബന്ധം. ടിപി വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് ജയിലില്‍ നിന്ന് യുഎഇയിലെ സ്വര്‍ണ്ണക്കടത്ത് സംഘവുമായി വീഡിയോ കോള്‍ ചെയ്തതിന്‍റെ തെളിവുകള്‍ പുറത്ത്. സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശിയുമായാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീഡിയോ കാള്‍ ചെയ്ത് സംസാരിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്‍റലിജന്‍സ് ബ്യൂറോ ശേഖരിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് സംഘത്തിൽ ബോസെന്ന് അറിയപ്പെടുന്നത് കിർമാണി മനോജ് എന്നും സൂചനയുണ്ട്.
സ്വര്‍ണ്ണക്കടത്തില്‍ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും കൊടി സുനിക്കും പിന്നാലെ കിര്‍മാണി മനോജെന്ന മാഹി പന്തലക്കല്‍ സ്വദേശി മനോജ് കുമാറിന്‍റെ
പങ്കുകൂടി വ്യക്തമാവുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ ഇപ്പോള്‍ യുഎഇ ജയിലില്‍ കഴിയുന്ന പേരാമ്പ്ര കായണ്ണ സ്വദേശി അരുണുമായാണ് കിർമാണി മനോജിന്‍റെ വീഡിയോ കോള്‍. ഇതിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് അരുൺ സ്വര്‍ണ്ണവുമായി നാട്ടിലേക്ക് മടങ്ങുന്നതിന്‍റെ തൊട്ട് മുമ്പാണ് വീഡിയോ കോള്‍ ചെയ്തതെന്നാണ് സൂചന. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയിൽ നിന്നാണ് കിർമാണി മനോജ് വിഡിയോ കോളിൽ സംസാരിച്ചതെന്ന് സംശയിക്കുന്നു. മുറിയുടെ വാതില്‍ അടച്ച് ഒളിച്ചുനിന്ന് സംസാരിക്കുന്നത് ചിത്രത്തില്‍ വ്യക്തമായി കാണാം.
മാസ്‌ക് പാതി താഴ്ത്തിയ നിലയിലാണ് കിര്‍മാണി സംസാരിക്കുന്നത്. യുഎഇ സമയം ഉച്ചയ്ക്ക് 12.24നാണ് വീഡിയോ കോള്‍ ചെയ്തത്. ഇതിന്‍റെ സ്‌ക്രീന്‍ ഷോട്ട് അരുണ്‍ തന്നെ ഫോണില്‍ സൂക്ഷിച്ചിരുന്നു. കിര്‍മാണി മനോജുമായുള്ള യുവാവിന്‍റെ മറ്റുചിത്രങ്ങളും പുറത്തായിട്ടുണ്ട്.
മനോജുമായി വീഡിയോ കോള്‍ ചെയ്ത അരുൺ സ്വര്‍ണ്ണകവര്‍ച്ചാ കേസില്‍ ആറുമാസത്തോളമായി യുഎഇ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. കഴിഞ്ഞ നവംബര്‍ 12ന് ഇന്‍ഡിഗോ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത അരുണ്‍ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് കിര്‍മാണിയുടെ 'പൊട്ടിക്കല്‍' സംഘത്തിന് സ്വര്‍ണ്ണം കൈമാറി. യുഎഇയില്‍ വെച്ച് താന്‍ കവര്‍ച്ചക്കിരയായതായി കടത്തുസംഘത്തെ അറിയിക്കുകയും ചെയ്തു. പിന്നീട് നാട്ടില്‍ വന്ന് മടങ്ങിയപ്പോള്‍ വിമാനത്താവളത്തില്‍വെച്ച് അരുണിനെ സ്വർണ്ണം മോഷ്ടിച്ചു എന്ന കുറ്റത്തിന് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ആറുമാസം തടവിനും 2,03,415 യുഎഇ ദിര്‍ഹം പിഴയും ചുമത്തി. പിഴ അടച്ചില്ലെങ്കില്‍ ഏഴുവര്‍ഷം കൂടി തടവ് അനുഭവിക്കണം.കിർമാണി മനോജിന്‍റെ ഫോൺ നമ്പർ 'ബോസ്' എന്ന പേരിലാണ് അരുൺ ഫോണിൽ സേവ് ചെയ്തിരിക്കുന്നത്. കേരളത്തിലും ദുബായിലുമായി സ്വർണ്ണം കടത്തുവാനും പൊട്ടിക്കുവാനുമായി പ്രവർത്തിക്കുന്ന സംഘത്തിൽ ബോസ് എന്നറിയപ്പെടുന്നത് കിർമാനി മനോജ് ആണെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്
അരുണിന്‍റെ ഫോണിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ചോർന്നത്. ഈ ചിത്രങ്ങൾ കസ്റ്റംസിനും കേന്ദ്ര ഇന്‍റലിജൻസിനും ലഭിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിൽ ടിപി വധക്കേസിലെ മറ്റൊരു പ്രതിയുടെ പങ്കുകൂടി പുറത്തുവരുന്ന സാഹചര്യത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാവും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10