ദു:ഖാചരണത്തിനിടയില്‍ മുഖ്യമന്ത്രി എകെജി സെന്‍റര്‍ ഉദ്ഘാടനം ചെയ്തത് അനൗചിത്യമെന്ന് കെ മുരളീധരന്‍
Jaihind TV News Report
Jaihind TV Web Desk
April 24, 2025
1 min read
•
Updated: June 09, 2026
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനില്ക്കുകയും കാശ്മീര്‍ കൂട്ടക്കുരുതിയുടെ വേദന രാജ്യത്ത് തളംകെട്ടിനില്ക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഘോഷപൂര്‍വം എകെജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതിനിടയില്‍ കോടികള്‍ മുടക്കി ഉത്സവംപോലെ സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികളും നടത്താന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എഐസിസിയുടെ പ്രഥമ മലയാളി അധ്യക്ഷന്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ 91-ാം ചരമവാര്‍ഷികം കെപിസിസിയില്‍ ആചരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര്യസമരസേനാനികളെ ദത്തെടുക്കാന്‍ ബിജെപി ഓടിനടക്കുന്ന കാലമാണിത്. ആര്‍എസ്എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിനെയാണ് ആദ്യം ദത്തെടുക്കാന്‍ നോക്കിയത്. ഇപ്പോള്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ പിന്നാലെയാണ്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ജനറല്‍ മൈക്കിള്‍ ഡയറിനെതിരേ ഇംഗ്ലണ്ടില്‍പോയി വാദിച്ച പ്രഗത്ഭനായ അഭിഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹം. 12 അംഗ ജൂറിയില്‍ 11 ബ്രിട്ടീഷുകാര്‍ ഡയറിന് അനുകൂലമായപ്പോള്‍ ലോകപ്രശസ്ത രാഷ്ട്രീയസൈദ്ധാന്തികനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഹരോള്‍ഡ് ലാസ്‌കി ചേറ്റൂരിനെ അനുകൂലിച്ചു. ക്ഷമ പറഞ്ഞാല്‍ ശിക്ഷയൊഴിവാക്കാമെന്നു ജൂറി പറഞ്ഞപ്പോള്‍ അതിനെ തള്ളിക്കളഞ്ഞ് 500 പൗണ്ട് പിഴയടച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
വൈസ് റോയിയുടെ എക്‌സികൂട്ടിവ് കൗണ്‍സില്‍ അംഗത്വം എന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ സമുന്നതമായ ജോലി, അവര്‍ നല്കിയ സര്‍ പദവി, കമ്പാനിയിന്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഇന്ത്യന്‍ എമ്പയര്‍ പദവി തുടങ്ങിയവ അദ്ദേഹം വേണ്ടുന്നുവച്ചു. എന്നാല്‍, ഗാന്ധിജിയുടെ ചില സമരമാര്‍ഗങ്ങളോട് അദ്ദേഹത്തിനു വിയോജിപ്പായിരുന്നു. നികുതി ബഹിഷ്‌കരണത്തോടും അദ്ദേഹം യോജിച്ചില്ല. ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി വരെ അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തോട് മയമുള്ള സമീപനമാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ടാകാം എഐസിസിയും കെപിസിസിയും ചേറ്റൂരിന്റെ സ്മരണകള്‍ക്ക് വലിയ പ്രാധാന്യം നല്കാതിരുന്നത്. പാലക്കാട് ഡിസിസി വിപുലമയായി ആചരിച്ചുവരാറുണ്ടെന്നും മരുളീധരന്‍ പറഞ്ഞു.
ചേറ്റൂര്‍ ശങ്കരന്‍ രാജ്യം കണ്ട ബൗദ്ധിക ഭീമനായിരുന്നെന്ന് പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകന്‍ ടികെഎ നായര്‍ അനുസ്മരിച്ചു. വൈസ് റോയിയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹം 35 വകുപ്പുകളാണ് കൈകാര്യം ചെയ്തത്. വിദ്യാഭ്യാസമേഖലയില്‍ അദ്ദേഹം വലിയ സംഭാവനകള്‍ നല്കി. പറയുന്നതില്‍ ഉറച്ചുനില്ക്കുന്ന പിടിവാശിക്കാരന്‍ കൂടിയായിരുന്നു. ഭരണഘടനാ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും ടികെഎ നായര്‍ ചൂണ്ടിക്കാട്ടി.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടിഎന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു, വൈസ് പ്രസിഡന്റുമാരായ ടിഎന്‍ പ്രതാപന്‍, വിപി സജീന്ദ്രന്‍, എന്‍ ശക്തന്‍, ജനറല്‍ സെക്രട്ടറിമാരായ ജിഎസ് ബാബു, ജി സുബോധന്‍, കെപി ശ്രീകുമാര്‍, എഐസിസി സെക്രട്ടറി മാത്യു ആന്റണി, ഡിസിസി പ്രസിഡന്റ് പാലോട് രവി, രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ മോഹന്‍ കുമാര്‍, ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, വിസി കബീര്‍, ചെറിയാന്‍ ഫിലിപ്പ്, എകെ ശശി, കൊറ്റാമം വിമല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10