ഗവർണർ-സർക്കാർ പോര് ജനങ്ങളെ കബളിപ്പിക്കാന്‍; രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
January 27, 2024
1 min read
•
Updated: June 04, 2026
കൊച്ചി: സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗവർണർ-സർക്കാര്‍ പോര് ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകം മാത്രമാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഗവർണർ-സർക്കാർ പോരാട്ട നാടകം അരങ്ങേറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോക്കില്ല, മിണ്ടില്ല എന്നൊക്കെ പറഞ്ഞ് പിണങ്ങിയിരിക്കാന്‍ ഗവർണറും മുഖ്യമന്ത്രിയും എല്‍കെജി കുട്ടികളാണോ എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്ന കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗവർണർക്കെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചെറുവിരലനക്കാന്‍ സർക്കാർ അനുവദിക്കില്ല. ഇരട്ടത്താപ്പ് നിലപാടാണ് സർക്കാരിന്‍റേത്. ഗവർണർക്കെതിരായ പ്രതിഷേധം കേന്ദ്രത്തിനെതിരായ എന്തെങ്കിലും നിലപാടിന്‍റെ ഭാഗമായല്ല. ഇതെല്ലാം നാടകമാണ്. സർക്കാർ പ്രതിരോധത്തിലാകുമ്പോഴാണ് ഗവർണർ-സർക്കാർ പോരാട്ട നാടകം അരങ്ങേറുന്നത്. ഇത് ജനത്തെ കബളിപ്പിക്കാന്‍ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറഞ്ഞത്:
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസിനേയും ക്രിമിനലുകളേയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നു. അതേസമയം ഗവർണർക്കെതിരെ കരിങ്കൊടി പ്രകടനം നടത്താനുള്ള എല്ലാ സൗകരവും സർക്കാർ തന്നെ ചെയ്തു കൊടുക്കുന്നു. എത്ര നാളായി ഈ രാഷ്ട്രീയ നാടകം കേരളത്തിൽ നടക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണ് സർക്കാരിന് ? മുഖ്യമന്ത്രിക്കെതിരെ ഒരു പ്രതിഷേധവും പാടില്ല. ഗവർണർക്കെതിരെ സ്വന്തം ആളുകളെ ഇളക്കിവിടുന്നു. ഗവർണർക്ക് സുരക്ഷ കൊടുക്കേണ്ട സർക്കാർ തന്നെ ഗവർണറെ വഴിയിൽ തടയാൻ വഴിയൊരുക്കുന്നു. ഇത് നാടകം അല്ലാതെ മറ്റെന്താണ്? ഇതാണോ കേന്ദ്ര വിരുദ്ധ സമരം? കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രിക്ക് ഭയമാണ് . ഗവർണർ നിയമസഭയെ അവഹേളിച്ചിട്ട് മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല. റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗവർണർ സർക്കാരിനെ കടന്നാക്രമിച്ചിട്ടും മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല. കേന്ദ്ര സർക്കാരിനും ഗവർണർക്കും എതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രി, നാട്ടുകാരെ കബളിപ്പിക്കാനാണ് എസ്.എഫ്.ഐ കുട്ടികളെ കൊണ്ട് സമരം ചെയ്യിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷം ഒരു കാലത്തും ഗവർണറുടെ പിറകെ പോയിട്ടില്ല. സർക്കാരും ഗവർണറും ചേർന്നുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ എതിർക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ഇപ്പോൾ ഇവർ ചെയ്യുന്നത് കണ്ട് ജനങ്ങൾ ചിരിക്കുകയാണ്. രണ്ട് പേരും തമ്മിൽ കണ്ടാൽ മിണ്ടില്ല. ഒരാൾ തിരിഞ്ഞു നിൽക്കും. ഇതൊക്കെ ആരെ കാണിക്കാനാണ്. ഇവർ എൽ.പി സ്കൂൾ കുട്ടികളാണോ? ഇതല്ല രാഷ്ട്രീയം. ഉള്ളത് തുറന്നു പറയുകയാണ് രാഷ്ട്രീയം. കേരളത്തിലെ പ്രതിപക്ഷം എടുത്ത നിലപാട് ശരിയാണെന്ന് അടിവരയിടുന്ന കാര്യങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷം ഗവർണറുടെ കൂടെ കൂടാത്തതിൽ കുറെ പേർക്ക് വിഷമം ആയിരുന്നു. കുറെ പേർക്ക് പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കുന്നതിലും വിഷമം ആയിരുന്നു. രണ്ട് കൂട്ടരുടേയും കൂടെ കൂടാൻ കൊള്ളില്ലെന്ന പ്രതിപക്ഷ നിലപാട് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമാകുന്ന സമയമാണിത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10