പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു; കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
Jaihind TV News Report
Jaihind TV Web Desk
April 10, 2024
1 min read
•
Updated: June 09, 2026
പ്രശസ്ത സിനിമാ നിർമാതാവായിരുന്ന ഗാന്ധിമതി ബാലൻ (66) നിര്യാതനായി. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ക്ലാസ്സിക് മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു. 30ൽ പരം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു.
'ഇത്തിരി നേരം ഒത്തിരി കാര്യം' ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ സിനിമ. കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ വിജയം കൈവരിച്ച അപൂര്‍വ നിര്‍മാതാക്കളിലൊരാളായ ബാലന്‍, സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലും
നിറസാന്നിധ്യമായിരുന്നു. ആദ്യ സിനിമയായ ഇത്തിരി നേരം ഒത്തിരി കാര്യം, ആദാമിന്‍റെ വാരിയെല്ല് , പഞ്ചവടി പാലം , മൂന്നാം പക്കം , തൂവാനത്തുമ്പികൾ , സുഖമോ ദേവി , മാളൂട്ടി , നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താംമുദയം തുടങ്ങിയ 30ൽ പരം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു അദ്ദേഹം.
മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിമതി എന്നത് ബാലന്‍റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡ് ആയി വളർത്തി. ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയേയും വെച്ച് ഒരേ പോലെ ഏറ്റവും കൂടുതൽ സിനിമ ചെയ്ത നിർമാതാവായിരുന്നു. സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ ആയിരുന്നു. അനശ്വര സംവിധായകൻ പത്മരാജന്‍റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്തത്. ഒപ്പം ഒരു മുറിയിൽ കിടന്നു ഉറങ്ങിയിരുന്ന പദ്മരാജന്‍റെ ആകസ്മിക മരണം അദ്ദേഹത്തെ തളർത്തി. സിനിമയിൽ നിന്നും പിൻവാങ്ങാൻ അതും ഒരു കാരണമായി. ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ബാലൻ . വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമൂല്യത്തിന് പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച് , അതിൽ വിജയിച്ച അപൂർവം നിർമാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. റോട്ടറി ഉൾപ്പടെ നിരവധി സാമൂഹിക മേഖലകളിൽ പ്രവർത്തിച്ച ബാലൻ വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10